കൊല്ലത്തു ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ കണക്കിന് രണ്ടു മാർക്ക് കുറഞ്ഞതിന് വിദ്യാർത്ഥിയുടെ കൈ അടിച്ചു തകർത്തു അധ്യാപകൻ. സംഭവത്തിൽ മാതാപിതാക്കൾ ട്യൂഷൻ സെന്റർ തല്ലി തകർത്തു.
ഏരൂർ നെട്ടയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്രൈവറ്റ് ട്യൂഷൻ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ട്യൂഷൻ സെൻട്രിലെ അധ്യാപകനായ രാജേഷിനെതിരെ മാതാപിതാക്കൾ പരാതി നൽകിയിരിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി കുട്ടികൾക്ക് പ്രത്യേകം പരിശീലനം നൽകുന്നതിനായി ഇവിടെ നൈറ്റ് ക്ലാസ് നടന്നുവരികയായിരുന്നു. മിക്ക ദിവസവും ക്ലാസ് ടെസ്റ്റുകളും പതിവായിരുന്നു. അങ്ങനെ കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷയിൽ കുട്ടിക്ക് കണക്കിന് 40ൽ 38 മാർക്ക് കിട്ടിയതാണ് അദ്ധ്യാപകൻ മർദിക്കാനുള്ള കാരണം.
മാതാപിതാക്കൾ തല്ലിയതിന്റെ കാരണം തിരക്കിയപ്പോൾ പഠിപ്പിച്ച കണക്ക് ബോധപൂർവ്വം കുട്ടി തെറ്റിച്ചതിനാണ് മർദ്ദിച്ചതെന്ന വിചിത്ര ന്യായമാണ് അധ്യാപകൻ രക്ഷിതാക്കളോട് പറഞ്ഞത്. മറ്റു നിരവധി കുട്ടികൾക്കും മർദനമേറ്റിട്ടുണ്ട്.
സംഭവം ഏറ്റെടുത്ത് വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ട്യൂഷൻ സെന്ററിനും അധ്യാപകനും എതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.
















