ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വാതിൽ, കട്ടിള, ദ്വാരപാലക ശിൽപങ്ങൾ എന്നിവിടങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (IB) ശുപാർശ ചെയ്തു. കേസിന്റെ അന്തർ സംസ്ഥാന, അന്താരാഷ്ട്ര ബന്ധങ്ങൾ കണക്കിലെടുത്ത്, യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ വിലയിരുത്തൽ.
ഇത് സoബന്ധിച്ച റിപ്പോർട്ട് സംസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥർ ഡയറക്ടർ ജനറൽ ഓഫ് ഇന്റലിജൻസിന് കൈമാറിയിട്ടുണ്ട്.
നിലവിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സാഹചര്യത്തിൽ, സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഐബി റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിക്ക് കൈമാറുമെന്നാണ് സൂചന.
കേസിൽ സ്വർണ്ണക്കൊള്ളക്കൊപ്പം കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടാകാനുള്ള സാധ്യത ഐബി മുന്നോട്ട് വെക്കുന്നുണ്ട്. അതിനാൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) സമാന്തര അന്വേഷണവും ബ്യൂറോ ശുപാർശ ചെയ്തിട്ടുണ്ട്.
ശബരിമല കേസിന് അന്താരാഷ്ട്ര മാനങ്ങളുണ്ടോ എന്ന ഹൈക്കോടതിയുടെ ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക വിവരശേഖരണം ആരംഭിച്ചത്.
കേസിൽ ദേവസ്വം ബോർഡ് ഭാരവാഹികളിലേക്ക് വരെ അന്വേഷണം നീളുന്നുവെന്ന ഘട്ടത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇടപെടുന്നത്. ആദ്യം റാന്നി കോടതിയെ സമീപിച്ച ഇഡിക്ക് കേസ് ഫയലുകൾ നൽകേണ്ടതില്ലെന്നായിരുന്നു ഉത്തരവ് ലഭിച്ചത്.
തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കൊല്ലം വിജിലൻസ് കോടതിയെ സമീപിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ ഹർജി നൽകിയ ഇഡി കേസ് വിവരങ്ങൾ കൈമാറണം എന്നുള്ള ഉത്തരവ് സമ്പാദിച്ചു. ഫയലുകൾ ലഭ്യമായ ശേഷം സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യും.
















