സാമൂഹിക മാധ്യമം വഴി യുവതിക്ക് ജന്മദിനാശംസകൾ നേർന്നതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ തരികെരെ താലൂക്കിലെ അത്തിഗനലു ഗ്രാമത്തിലാണ് സംഭവം.
മരിച്ച യുവാവ് ഉദൈവ സ്വദേശി മഞ്ജുനാഥ് (28) ആണ്. യുവതിയുടെ പ്രതിശ്രുത വരനായ വേണുവും സുഹൃത്തുക്കളും ചേർന്നാണ് മഞ്ജുനാഥിനെ ആക്രമിച്ചതെന്ന് തരികെരെ പോലീസ് അറിയിച്ചു.
മഞ്ജുനാഥും യുവതിയും മുൻപ് സുഹൃത്തുക്കളായിരുന്നു. യുവതിക്ക് സാമൂഹിക മാധ്യമം വഴി ജന്മദിനാശംസ അറിയിച്ചതാണ് വേണുവിനെ പ്രകോപിപ്പിച്ചത്. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നീങ്ങിയത്. ബുധനാഴ്ചയായിരുന്നു സംഭവം.
തരികെരെയിലെ അത്തിഗനലു ഗ്രാമത്തിൽ ജോലിക്ക് എത്തിയതായിരുന്നു മഞ്ജുനാഥ്. സംഘം ചേർന്നെത്തിയ വേണുവും കൂട്ടാളികളും മഞ്ജുനാഥിനെ ക്രൂരമായി മർദിക്കുകയും കുത്തുകയും ചെയ്തു. കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ മഞ്ജുനാഥിനെ ഉടൻതന്നെ ശിവമോഗയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ യുവാവിന്റെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിൽ തരികെരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
















