സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും നഗ്നയാക്കി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തു. കർണാടകയിലെ ചിക്കാ മംഗളൂരു ജില്ലയിലെ നന്ദിഹോസ്സളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ തിമ്മപ്പയാണ് മദ്യലഹരിയിൽ ഭാര്യയോട് അതിക്രമം കാട്ടിയത്.
തിമ്മപ്പ മദ്യപിച്ചെത്തി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന് ശേഷം ഭാര്യയെ നഗ്നയാക്കിയ ഇയാൾ വീട്ടിൽ പൂട്ടിയിടാനും ശ്രമിച്ചു. എന്നാൽ, ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി, കിട്ടിയ വസ്ത്രം കൊണ്ട് ഉടൻ തന്നെ ശരീരം മറച്ച് വീടിന്റെ പിൻഭാഗത്തുകൂടി പുറത്തുകടന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
10 വർഷം മുമ്പ് പ്രണയവിവാഹിതരായവരാണ് തിമ്മപ്പയും ഭാര്യയും. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്. പ്രണയവിവാഹമായിരുന്നതിനാൽ സ്ത്രീധനം ലഭിച്ചിരുന്നില്ല. ഇതിന്റെ പേരിൽ തിമ്മപ്പയെ പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ കുറ്റപ്പെടുത്തുകയും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു. കുറച്ചുകാലമായി തിമ്മപ്പ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു.
സംഭവദിവസം, തിമ്മപ്പയുടെ അച്ഛനും സഹോദരനും ഇയാളുമായി സംസാരിക്കുകയും സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിർബന്ധിക്കുകയും, പകരം മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തിമ്മപ്പ മദ്യപിച്ചെത്തി ഭാര്യയെ ആക്രമിച്ചത്. ആക്രമണത്തിന് കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രേരണയും കാരണമായി.
സംഭവത്തിൽ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. തിമ്മപ്പയ്‌ക്കെതിരെയും കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച അച്ഛൻ, സഹോദരൻ എന്നിവർ ഉൾപ്പെടെയുള്ള ബന്ധുക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾക്കെതിരെ സ്ത്രീധന പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
















