എസ്എൻഡിപി യോഗം നേതൃത്വം ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് സിപിഎം കേന്ദ്രകമ്മിറ്റി കർശനമായി ഓർമ്മിപ്പിച്ചിട്ടും, വെള്ളാപ്പള്ളി നടേശനോടും എസ്എൻഡിപി നേതൃത്വത്തോടുമുള്ള നിലപാടിൽ മാറ്റം വരുത്താതെ കേരള ഘടകവും സംസ്ഥാന സർക്കാരും. എസ്എൻഡിപി നേതൃത്വത്തെ തുറന്നുകാട്ടാനും ചെറുക്കാനും പാർട്ടി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന കേന്ദ്രകമ്മിറ്റി തീരുമാനം പോലും നടപ്പാക്കാതെ സംസ്ഥാന നേതൃത്വം ഒളിച്ചുകളിക്കുകയാണെന്ന് പാർട്ടിയിൽ വിമർശനം ഉയരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്ക് പിന്നിൽ സാമുദായിക വർഗീയ സംഘടനകളുടെ പങ്ക് വലുതാണെന്ന് കേന്ദ്ര നേതൃത്വത്തിന്റെ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
എസ്എൻഡിപി യോഗം നേതൃത്വത്തിന്റെ ബിജെപി പക്ഷപാതിത്വമാണ് ഇതിൽ പ്രധാനമായി എടുത്തുപറഞ്ഞ ഒരു ഘടകം. ഇതിനെതിരെ ശക്തമായ നിലപാടെടുക്കാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടും സംസ്ഥാന ഘടകം ഇക്കാര്യത്തിൽ തിരുത്തൽ വരുത്താൻ തയ്യാറായില്ല.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ 2024 ജൂൺ 28 മുതൽ 30 വരെ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് എസ്എൻഡിപി നേതൃത്വത്തിന്റെ ബിജെപി പക്ഷപാതിത്വം സംബന്ധിച്ച് ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഈ നിർണായക യോഗത്തിൽ പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.
വർഗ്ഗ രാഷ്ട്രീയത്തിൽ നിന്ന് വ്യതിചലിച്ച് സാമുദായിക സമവാക്യങ്ങളുടെ പിന്നാലെ പോകുന്ന കേരള ഘടകത്തിന്റെ പ്രവണതയെ യോഗം നിശിതമായി വിമർശിക്കുകയും, രാഷ്ട്രീയപരവും സംഘടനാപരവുമായ തിരുത്തലുകൾക്ക് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
വെള്ളാപ്പള്ളി നടേശൻ തുടർച്ചയായി ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ പരസ്യമായി സ്വീകരിക്കുന്ന സാഹചര്യത്തിലും, മുഖ്യമന്ത്രി പിണറായി വിജയനോ സംസ്ഥാന നേതൃത്വമോ ശക്തമായ പ്രതികരണം നടത്താനോ തള്ളിപ്പറയാനോ തയ്യാറാകാത്തത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചാവിഷയമാണ്.
കേന്ദ്രകമ്മിറ്റിയുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിച്ചിട്ടും സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ സ്വീകരിക്കുന്ന മൃദുസമീപനം, പാർട്ടി നിലപാടുകൾക്ക് വിരുദ്ധമാണെന്നും, വർഗ്ഗീയ ശക്തികളെ സഹായിക്കുന്നതിന് തുല്യമാണെന്നുമുള്ള വിമർശനം പാർട്ടി അണികൾക്കിടയിൽ ശക്തമാണ്.
സംസ്ഥാന ഘടകത്തിന്റെ ഈ അലംഭാവം തുടരുകയാണെങ്കിൽ, കേന്ദ്ര നേതൃത്വത്തിന് എസ്എൻഡിപി വിഷയത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ നിലവിലെ സമീപനം പാർട്ടിക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലും ശക്തമാണ്.
















