കർണാടകയിലെ ഹുബ്ബള്ളിയിൽ 13 വയസ്സുകാരിയെ മൂന്ന് കൗമാരക്കാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതികൾ ഈ ക്രൂരകൃത്യം ചെയ്തതെന്നും, സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതായും ഹുബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ അറിയിച്ചു.
പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചനകൾ അനുസരിച്ച്, കുട്ടിയുടെ മാതാപിതാക്കൾ പുറത്തുപോയ തക്കത്തിന് പ്രതികൾ കുട്ടിയെ വിജനമായ ഒരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിൽ പങ്കെടുത്തവരും പെൺകുട്ടി താമസിക്കുന്ന അതേ പ്രദേശത്തുതന്നെ ഉള്ളവരാണ്. 14-നും 15-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ കൗമാരക്കാർ.
കസ്റ്റഡിയിലെടുത്ത മൂന്ന് ആൺകുട്ടികളിൽ രണ്ടുപേർ ഹൈസ്കൂൾ വിദ്യാർത്ഥികളാണ്. മൂന്നാമത്തെയാൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളാണെന്നാണ് പ്രാഥമിക വിവരം. അതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ, അത് പുറത്തുവിടുമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൃത്യവും വിശദവുമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഹുബള്ളി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ ഉറപ്പ് നൽകി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമമായ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
















