ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ.കെ.ആർ.) ടീമിൽ നിന്ന് ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ.) പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് ഈ നീക്കം.
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അടുത്തിടെയുണ്ടായ ചില വിഷയങ്ങൾ രൂക്ഷമായതിൻ്റെ പശ്ചാത്തലത്തിലാണ് താരത്തെ റിലീസ് ചെയ്യാൻ ബി.സി.സി.ഐ. ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടത്. ഈ നിർദ്ദേശത്തെ തുടർന്ന് മുസ്തഫിസുറിനെ ടീമിൽനിന്ന് ഒഴിവാക്കിയതായി കൊൽക്കത്ത ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു.
ടീമിൽ നിന്ന് പുറത്താക്കിയ നടപടിയെക്കുറിച്ച് മുസ്തഫിസുർ റഹ്മാൻ നൽകിയ പ്രതികരണം ശ്രദ്ധേയമായി.
“അവർ എന്നെ ഒഴിവാക്കിയാൽ എനിക്ക് എന്ത് ചെയ്യാൻ കഴിയും?” എന്നായിരുന്നു സംഭവത്തിൽ ഒരു ബംഗ്ലാദേശ് സ്പോർട്സ് മാധ്യമത്തോട് താരം പ്രതികരിച്ചത്. കാര്യങ്ങൾ സ്വന്തം നിയന്ത്രണത്തിലല്ല എന്ന രീതിയിലുള്ള മുസ്തഫിസുറിൻ്റെ നിസ്സംഗമായ പ്രതികരണം കായികലോകത്ത് ചർച്ചയായിട്ടുണ്ട്.
മുസ്തഫിസുറിനെ ടീമിൽ നിന്ന് ഒഴിവാക്കിയ ബി.സി.സി.ഐ.യുടെ തീരുമാനത്തെ ശക്തമായി വിമർശിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി.) രംഗത്തെത്തി. ഇത്തരമൊരു സംഭവം കായിക ചരിത്രത്തിൽ മുൻപ് ഉണ്ടായിട്ടില്ലെന്ന് ബി.സി.ബി. ചൂണ്ടിക്കാട്ടി.
താരങ്ങളുടെ അന്തസ്സും സുരക്ഷയും ആണ് തങ്ങളുടെ മുൻഗണനയെന്നും ബി.സി.ബി. വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത്തരം നടപടികൾ ചിലരെ ഒറ്റപ്പെടുത്തുന്ന ആശയങ്ങളാണ് നൽകുന്നതെന്നും, ഈ സമീപനങ്ങളിൽ നിന്ന് ബി.സി.സി.ഐ. പിന്മാറണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു.
















