ഇന്ത്യയോട് നികുതി കൂട്ടുമെന്ന് ഭീഷണി മുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തു. അമേരിക്കയുടെ വ്യാപാര-ഊർജ്ജ താല്പര്യങ്ങൾക്കനുസരിച്ച് ഇന്ത്യ നീങ്ങിയില്ലെങ്കിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ മേൽ അതിവേഗത്തിൽ അധിക നികുതി ചുമത്തുമെന്നാണ് ട്രംപ്പിന്റെ മുന്നറിയിപ്പ്.
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലെ അതൃപ്തി തന്നെയാണ് ട്രംപ് ഈ നിലപാടെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. “മോദി വളരെ നല്ല മനുഷ്യനാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഞാൻ സന്തോഷവാനല്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. എന്നെ സന്തോഷിപ്പിക്കേണ്ടത് പ്രധാനമായിരുന്നു.” ട്രംപ് പറഞ്ഞു.
കൂടാതെ ഇന്ത്യയുമായി അമേരിക്കയ്ക്ക് വലിയ വ്യാപാര ബന്ധമുണ്ടെന്നും, ഇന്ത്യയുടെ മേൽ അതിവേഗം താരിഫ് വർദ്ധിപ്പിക്കാൻ തങ്ങൾക്ക് കഴിയുമെന്നും അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ സമ്മർദ്ദം ശക്തമായതോടെ, റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും വാങ്ങുന്ന എണ്ണയുടെ വിവരങ്ങൾ ജനുവരി രണ്ട് മുതൽ ആഴ്ച തിരിച്ചുള്ള കണക്കുകൾ കൃത്യമായി സമർപ്പിക്കാൻ ഇന്ത്യയിലെ എണ്ണ ശുദ്ധീകരണശാലകളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
അമേരിക്ക ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്കുകൾ നൽകുന്നതിനും, മറ്റുള്ള സ്രോതസ്സുകളിൽ നിന്നുള്ള തെറ്റായ വിവരങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
















