പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഓരോ പെൺകുട്ടിക്കും ഉണ്ടാകും നിറയെ സ്വപ്നങ്ങൾ. സ്നേഹമുള്ള ഒരു ഭർത്താവ്, നല്ലൊരു കുടുംബം, കുട്ടികൾ, സന്തോഷകരമായ നാളുകൾ… അണിഞ്ഞൊരുങ്ങി, കല്ല്യാണപ്പുടവയുടെ ഭംഗിയിൽ, വാഗ്ദാനങ്ങളുടെ താലിച്ചരടുമായി ഉത്ര ഭർതൃവീട്ടിലേക്ക് പോയതും ഈ പ്രതീക്ഷകളോടെയായിരുന്നു.
എന്നാൽ, അവൾ ഏറെ പവിത്രമായി കണ്ട ആ താലിച്ചരട് ഒടുവിൽ മരണത്തിന്റെ കുരുക്കായി മാറുകയായിരുന്നു. ഭർത്താവ് എന്ന വാക്കിന് നൽകേണ്ട സ്നേഹവും സംരക്ഷണവും ലഭിക്കുന്നതിന് പകരം, കൊടുംക്രൂരതയുടെ വിഷപ്പാമ്പിന്റെ കടിയേറ്റ് അവൾക്ക് ഈ ലോകത്തോട് വിടചൊല്ലേണ്ടി വന്നു.
കൊല്ലം ജില്ലയെ ഞെട്ടിച്ച ഉത്ര വധക്കേസ്, കേരള സമൂഹത്തിൽ ഒരു പേടിസ്വപ്നമായി ഇന്നും മായാതെ നിൽക്കുന്നു. സ്ത്രീധനം എന്ന ദുരാഗ്രഹത്തിന് വേണ്ടി, സ്വന്തം ഭാര്യയുടെ ജീവനെടുത്ത ആ ക്രൂരത, വിവാഹമെന്ന പവിത്ര ബന്ധത്തെപ്പോലും ഭയത്തോടെ നോക്കിക്കാണാൻ പെൺകുട്ടികളെ പ്രേരിപ്പിച്ചു. അധികമായി ലഭിച്ച സ്വർണ്ണത്തിലും പണത്തിലും തൃപ്തനാകാതെ, ഉത്രയുടെ സ്വത്തും, മറ്റൊരു വിവാഹത്തിലൂടെ കൂടുതൽ സ്ത്രീധനവും ലക്ഷ്യമിട്ടാണ് സൂരജ് എന്ന കൊടുംക്രൂരൻ ഈ പാത തിരഞ്ഞെടുത്തത്.
2020 മെയ് 6. കൊല്ലം ജില്ലയിലെ അഞ്ചൽ. അവിടെ രണ്ട് നില വീട്ടിൽ എയർകണ്ടീഷൻ ചെയ്ത മുറിക്കുള്ളിൽ സൂരജ് ഉറക്കമില്ലാതെ ഇരുന്നു. തൊട്ടരികിൽ ഭാര്യ ഉത്ര അഗാധമായ നിദ്രയിലായിരുന്നു. കഷ്ടിച്ച് ഒരു വയസ്സ് മാത്രമുള്ള മകൻ അമ്മയോട് ചേർന്ന് കിടന്നുറങ്ങി. തനിക്ക് നേരെ ഒരു മരണക്കെണി ഒരുങ്ങുന്നുണ്ടെന്ന് ആ അമ്മയോ കുഞ്ഞോ അറിഞ്ഞിരുന്നില്ല.
സൂരജ് പതിയെ എഴുന്നേറ്റ് ബാഗിൽ ഒളിപ്പിച്ചുവെച്ച പാമ്പിനെ പുറത്തെടുത്തു. നേരത്തെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകിയിരുന്നതിനാൽ ഉത്ര ഒരു അനക്കവും ഇല്ലാതെ കിടന്നു. നിശ്ചലനായി കിടന്ന സൂരജ്, ഒടുവിൽ പാമ്പിന്റെ പത്തിയിൽ പിടിച്ച് ബലമായി ഉത്രയുടെ കൈയിൽ കൊത്തിച്ചു.
ഒന്ന്… രണ്ട്… വിഷപ്പല്ലുകൾ ആഴത്തിൽ ഇറങ്ങുന്ന വേദനയിൽ ഉത്ര ഒന്നു പിടഞ്ഞിരിക്കാം, പക്ഷേ മയക്കുമരുന്നിന്റെ പിടിയിൽ നിച്ഛലയായി കിടന്നു. കൊലപാതകം ഉറപ്പാക്കിയും ഭാഗ്യം പരീക്ഷിക്കാൻ വയ്യാതെ അവൻ പാമ്പിനെ മുറിയിൽ തുറന്നുവിട്ട്, തന്റെ ഭാര്യ മരിക്കുന്നത് കസേരയിലിരുന്ന് നോക്കിക്കാണാൻ സൂരജിന് സാധിച്ചു – മനുഷ്യന്റെ മനസ്സിൽനിന്ന് ദയ പൂർണ്ണമായും വറ്റിയ നിമിഷങ്ങൾ.
പിറ്റേന്ന്, മെയ് 7-ന് ഉത്രയുടെ അമ്മ മണിമേഖല മുറിയിലേക്ക് വരുമ്പോൾ കണ്ടത് ബോധരഹിതയായി കിടക്കുന്ന മകളെയാണ്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആ ജീവൻ പൊലിഞ്ഞിരുന്നു. ആദ്യമൊന്നും ആർക്കും സംശയമുണ്ടായിരുന്നില്ല, എന്നാൽ ഉത്രയുടെ മാതാപിതാക്കളുടെ മനസ്സിൽ ഒരു കനൽ എരിഞ്ഞു.
വെറും 40 ദിവസങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വീട്ടിൽ വെച്ച് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റിരുന്നു. ചികിത്സയിലിരിക്കെ വീണ്ടും പാമ്പ് കടിയേറ്റത് എങ്ങനെ? അടച്ചിട്ട എസി മുറിയിൽ ഒരു മൂർഖൻ പാമ്പ് എങ്ങനെ കയറി എന്ന ചോദ്യം അവരുടെ ഉറക്കം കെടുത്തി. ഒരു മാതാപിതാവിന്റെ ഹൃദയത്തിൽ ഉയർന്ന സംശയമായിരുന്നു ഈ കേസിന്റെ വഴിത്തിരിവ്.
മകൾക്ക് നീതി കിട്ടാൻ ഉത്രയുടെ അച്ഛൻ പോലീസിനെ സമീപിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, സൂരജിന്റെ ഫോൺ രേഖകൾ പരിശോധിച്ചത് നിർണ്ണായകമായി. യൂട്യൂബിൽ പാമ്പുകളെ കൈകാര്യം ചെയ്യുന്ന വീഡിയോകൾ സ്ഥിരമായി കണ്ടിരുന്നതും, പാമ്പുപിടുത്തക്കാരനായ കല്ലുവാതുക്കൽ സുരേഷുമായുള്ള ബന്ധവും തെളിഞ്ഞു.
അങ്ങനെ പോലീസ് സുരേഷിനെ അന്വേഷിച്ചു ചെല്ലുകയും ആ സത്യം പുറത്തുവരികയും ചെയ്തു. പതിനായിരം രൂപയ്ക്ക് സുരേഷ് സൂരജിന് വിറ്റ മൂർഖൻ പാമ്പിനെ ഉപയോഗിച്ചാണ് സൂരജ് ഉത്രയെ കൊന്നതെന്ന സത്യം ലോകമറിഞ്ഞു. സുരേഷിനെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
സൂരജ് കുറ്റം സമ്മതിച്ചെങ്കിലും കോടതിയിൽ അത് തെളിയിക്കാൻ ശാസ്ത്രീയമായ തെളിവുകൾ ആവശ്യമായിരുന്നു. പോലീസ് നടത്തിയ ‘ഡമ്മി പരീക്ഷണം’ ഈ കേസിന്റെ ചരിത്രത്തിൽ ഇടംനേടി. ഉത്രയുടെ ശരീരഭാരമുള്ള ഒരു ഡമ്മിയിൽ കോഴിയിറച്ചി കെട്ടിവെച്ച് പാമ്പിനെ കടിപ്പിച്ചു.
സാദാരണ ഒരു പ്രകോപനവുമില്ലാതെയാണ് പാമ്പ് കടിച്ചതേക്കില് അത് 2 സെന്റിമീറ്റർ താഴെയായിരിക്കും. അല്ലാതെ നിർബന്ധിച്ചാണെകിൽ അതിന് മുകളിൽ വരും. പോലീസ് ഡമ്മിയിൽ രണ്ട് രീതിയിലും കടിപ്പിച്ചു. ഉത്തരയുടെ ശരീരത്തിലെ പാമ്പ് കടിച്ചത് 2.3 മുതൽ 2.8 സെന്റിമീറ്റർ വരെയായിരുന്നു.
സ്വാഭാവികമായ കടിയേക്കാൾ കൂടുതൽ അകലമാണ് ഉത്രയുടെ ശരീരത്തിലെ മുറിവുകൾ തമ്മിൽ ഉണ്ടായിരുന്നത്. ഇത് പാമ്പിന്റെ തലയിൽ ബലം പ്രയോഗിച്ചു കടിപ്പിച്ചതിന്റെ തെളിവായിരുന്നു. അങ്ങനെ, ശാസ്ത്രീയമായ തെളിവുകൾ ആ കൊലപാതകിയെ കോടതിയിൽ കുരുക്കി.
പാമ്പിനെക്കൊണ്ട് കടിപ്പിച്ചാൽ അതൊരു സ്വാഭാവിക മരണമായി മാറുമെന്നും ആരും പിടിക്കില്ലെന്നും സൂരജ് വിശ്വസിച്ചു. എന്നാൽ, കേരളം കണ്ട ഏറ്റവും ക്രൂരവും അപൂർവ്വങ്ങളിൽ അപൂർവ്വവുമായ ഈ കേസിൽ നിയമത്തിന്റെ കുരുക്ക് മുറുകി. 2021 ഒക്ടോബർ 13-ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി, പ്രതിയുടെ പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കി, ഇരട്ട ജീവപര്യന്തം തടവ്, 17 വർഷം കഠിനതടവ്, 5 ലക്ഷം രൂപ പിഴ എന്നിവ വിധിച്ചു.
ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ലോകത്തിലെ തന്നെ അപൂർവ്വമായ ഈ കേസ്, സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും, വിശ്വാസവഞ്ചനയുടെ ആഴമേറിയ വേദനയെക്കുറിച്ചും കേരള സമൂഹത്തിന് നൽകിയ വലിയൊരു ഓർമ്മപ്പെടുത്തലായി ഇന്നും നിലനിൽക്കുന്നു.
















