പാലക്കാട് മലമ്പുഴയിൽ മദ്യം നൽകി വിദ്യാർഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ ഗുരുതര കണ്ടെത്തൽ. പീഡന വിവരം സ്കൂൾ അധികൃതർ അറിഞ്ഞിട്ടും അത് ദിവസങ്ങളോളം മറച്ചുവെച്ചുവെന്നും സ്കൂളിൽ പോലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയതെന്നും സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 18നാണ് വിദ്യാർഥി സഹപാഠിയോട് പീഡന വിവരം തുറന്നു പറയുന്നത്. അന്നേ ദിവസം തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. എന്നാൽ ഇവർ പോലീസിൽ പരാതി നൽകിയില്ല. അതിനാൽ വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിച്ചതിനുമടക്കം സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും.
സ്കൂളിലെ പ്രധാനാധ്യാപകൻ, മാനേജ്മെന്‍റ് പ്രതിനിധികള്‍ എന്നിവരോട് ഡിവൈഎസ്‍പി ഓഫിസിൽ ഹാജരാകാനാണ് നിർദേശം. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കുമെന്നാണ് വിവരം.
ഇന്നലെയാണ് സ്കൂൾ അധ്യാപകനായ അനിൽ അറസ്റ്റിൽ ആകുന്നത്. പീഡന വിവരം കുട്ടി സുഹൃത്തിനോട് ആയിരുന്നു വെളിപ്പെടുത്തിയത് സുഹൃത്തു തന്റെ അമ്മയോട് പറയുകയും തുടർന്ന് കുട്ടുകാരന്റെ ‘അമ്മ വഴി പീഡനവിവരം പുറത്തറിയുകയുമായിരുന്നു.
















