പുതുവത്സര ദിനത്തിൽ കാണാതായ ഇന്ത്യൻ വംശജയായ ഡേറ്റാ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റ് നിഖിത ഗോഡിശാലയെ (27) മുൻകാമുകന്റെ അപ്പാർട്ടുമെന്റിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി.
മെരിലാൻഡിലെ എല്ലികോട്ട് സിറ്റിയിൽ താമസിച്ചിരുന്ന നിഖിതയെ, ഹൊവാർഡ് കൗണ്ടിയിലുള്ള മുൻകാമുകൻ അർജുൻ ശർമയുടെ (26) അപ്പാർട്ടുമെന്റിലാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതിയായ അർജുൻ ശർമ ഇന്ത്യയിലേക്ക് കടന്നതായാണ് പോലീസിന്റെ നിഗമനം.
ഡിസംബർ 31-ന് രാത്രി നിഖിതയെ തന്റെ അപ്പാർട്ടുമെന്റിൽ വെച്ച് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നും കാണിച്ച് ജനുവരി രണ്ടിന് അർജുൻ ശർമ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഡാലസ് ഇന്റർനാഷണൽ വിമാനത്താവളത്തിൽനിന്നും ഇന്ത്യയിലേക്ക് കടന്നുകളയുകയായിരുന്നു.
അർജുൻ പോലീസിൽ പരാതിപ്പെട്ടെങ്കിലും, 2025 ഡിസംബർ 31-ന് വൈകുന്നേരം ഏഴുമണിയോടെ നിഖിതയെ കൊലപ്പെടുത്തിയത് ഇയാളാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, ജനുവരി മൂന്നിന് അർജുൻ ശർമയുടെ അപ്പാർട്ടുമെന്റിൽ നടത്തിയ തിരച്ചിലിലാണ് നിഖിതയുടെ മൃതദേഹം കണ്ടെത്തിയത്. കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല.
കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹൊവാർഡ് കൗണ്ടി പോലീസ് അറിയിച്ചു. യുഎസ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച് ഒളിവിൽ പോയ അർജുൻ ശർമയെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും നടപടികൾ ആരംഭിച്ചു. ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെ അധികൃതരെ വിവരമറിയിച്ച് പ്രതിയെ യുഎസിലേക്ക് തിരികെയെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്.
നിഖിതയുടെ കുടുംബവുമായി ബന്ധപ്പെട്ടതായും അവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും നൽകുന്നുണ്ടെന്നും വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രാദേശിക അധികാരികളുമായി സഹകരിച്ച് എംബസി ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എക്‌സിലെ പ്രസ്താവനയിൽ വ്യക്തമാക്കി.
















