ഉത്തർപ്രദേശിൽ സഹപ്രവർത്തകയുടെ 16-കാരിയായ മകളെ ബലാത്സംഗംചെയ്ത സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. ഹാമിർപുർ ജില്ലയിലെ നായിക്പുർവ ഇച്ചൗലി ജൽ സൻസ്ഥാനിലെ (ജലവിഭവ വകുപ്പ്) നാലാം ഗ്രേഡ് ജീവനക്കാരനായ അബ്ദുൾ സലാം എന്ന ആരിഫാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ പീഡനത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്തു വെക്കുകയും ഇത് ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും തുടർച്ചയായ ലൈംഗിക ചൂഷണത്തിന് സമ്മർദം ചെലുത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
പീഡനം സഹിക്കവയ്യാതെ കുട്ടി അമ്മയെ അറിയിക്കുകയായിരുന്നു. ഇവർ ഉടൻതന്നെ സദർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. ഇരയുടെ അമ്മ നൽകിയ പരാതിയിൽ ബലാത്സംഗം, പോക്‌സോ, ഐടി ആക്ട് പ്രകാരമാണ് ആരിഫിനെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ക്രൈം ഇൻസ്‌പെക്ടർ ഡി.കെ. മിശ്ര പറഞ്ഞു. ഇരയായ പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തി കോടതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















