ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ താരം ശ്രേയസ് അയ്യർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലെ മത്സരങ്ങളിൽ അദ്ദേഹം മുംബൈ ക്രിക്കറ്റ് ടീമിനെ നയിക്കും. മുംബൈയുടെ സ്ഥിരം ക്യാപ്റ്റനായിരുന്ന ഷാർദ്ദുൽ താക്കൂറിന് പരിക്കേറ്റ സാഹചര്യത്തിലാണ് ക്യാപ്റ്റൻ സ്ഥാനം ശ്രേയസിനെ തേടിയെത്തിയത്.
ഏകദേശം രണ്ട് മാസത്തെ വിശ്രമത്തിനു ശേഷമാണ് ശ്രേയസ് അയ്യർ കളിക്കളത്തിലേക്ക് തിരിച്ചുവരുന്നത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ക്യാച്ചെടുക്കുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്.
അടുത്തിടെ, ന്യൂസിലൻഡിനെതിരെ അടുത്തയാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ശ്രേയസിനെ ഉൾപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ടീമിന്റെ നായകനായും താരത്തെ നിയമിച്ചത്.
വിജയ് ഹസാരെ ട്രോഫിയിൽ നാളെ ഹിമാചൽ പ്രദേശിനെതിരെയും എട്ടിന് പഞ്ചാബിനെതിരെയും നടക്കുന്ന നിർണായക മത്സരങ്ങൾക്കുള്ള മുംബൈ ടീമിൽ ശ്രേയസ് ഇടം നേടിയിട്ടുണ്ട്. ന്യൂസിലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി ഫിറ്റ്‌നസ് തെളിയിക്കാൻ ഈ മത്സരങ്ങൾ താരത്തിന് നിർണായകമാകും.
ഈ സീസണിൽ രഞ്ജി ട്രോഫിയിലും, മുഷ്താഖ് അലി ട്രോഫിയിലും, വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ അഞ്ച് മത്സരങ്ങളിലും ഷാർദ്ദുൽ താക്കൂറായിരുന്നു മുംബൈയുടെ നായകൻ.
എന്നാൽ, തുടയിലേറ്റ പരിക്ക് കാരണം താക്കൂറിന് ടൂർണമെന്റിൽ തുടരാനാവില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ ക്യാപ്റ്റനെ നിയമിക്കേണ്ട സാഹചര്യം മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഉണ്ടായത്.
ശ്രേയസ് അയ്യർക്ക് പുറമെ, ഇന്ത്യൻ ടി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവും, ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ ശിവം ദുബെയും വിജയ് ഹസാരെ ട്രോഫിയിലെ മുംബൈയുടെ അവസാന രണ്ട് മത്സരങ്ങളിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ താരങ്ങളുടെ സാന്നിധ്യം ടീമിന്റെ സാധ്യതകൾ വർദ്ധിപ്പിക്കും.
















