ഉത്തർപ്രദേശിലെ കാൺപുരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ വെച്ച് 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരു സബ് ഇൻസ്‌പെക്ടർ ഉൾപ്പെടെ രണ്ടുപേർക്കെതിരെ കേസെടുത്തു.ലൈംഗികാതിക്രമം നടത്തിയതിന് ശേഷം പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു പ്രതികൾ. ഒരു പോലീസ് ഉദ്യോഗസ്ഥനും പ്രാദേശിക മാധ്യമപ്രവർത്തകനും ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. കാൺപുരിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പെൺകുട്ടിയെ, സ്‌കോർപ്പിയോ കാറിലെത്തിയ പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ വെച്ച് തന്നെ ഇവർ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്താണ് പ്രതികൾ ക്രൂരകൃത്യം ചെയ്തത്.
ഇതിന് പിന്നിൽ സബ് ഇൻസ്‌പെക്ടറായ അങ്കിത് മൗര്യയും ഇയാളുടെ കൂട്ടാളിയായ പ്രാദേശിക മാധ്യമപ്രവർത്തകൻ ശിവ് യാദവുമാണ്. അതിക്രമത്തെ തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യനില മോശമായതോടെ, പ്രതികൾ പെൺകുട്ടിയെ വീട്ടുമുറ്റത്ത് കൊണ്ടുവന്നിറക്കി കടന്നുകളയുകയായിരുന്നു.
സഹോദരനാണ് പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ ആദ്യം കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടാളിയായ ശിവ് യാദവിനെ കാൺപുർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, മുഖ്യപ്രതിയായ എസ്.ഐ. അങ്കിത് മൗര്യ ഒളിവിലാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയപ്പോൾ ആദ്യഘട്ടത്തിൽ പോലീസ് കേസ് എടുക്കാൻ തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപ്പിയോ കാർ എസ്.ഐ. അങ്കിത് മൗര്യയുടേതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
















