Kerala

തനിക്കെതിരെ കള്ളക്കേസെടുത്തു, ഇ ഡി അന്വേഷണത്തിന് പിന്നിൽ മുഖ്യമന്ത്രിയെന്ന് പി വി അൻവർ, പോരാട്ടം തുടരുമെന്നും പ്രഖ്യാപനം!

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചോദ്യം ചെയ്യലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പി വി അൻവർ. തനിക്കെതിരായ ഇഡി അന്വേഷണം മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് അൻവർ ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചു.

വിജിലന്‍സ് എഫ്ഐആര്‍ പ്രകാരമാണ് തനിക്കെതിരെ ഇഡി കേസ് അന്വേഷിക്കുന്നത്. ഇഡി അന്വേഷണത്തിനായി തനിക്കെതിരെ വിജിലന്‍സ് കള്ളക്കേസെടുത്തു. പിണറായിക്കതെിരെ നിലപാടെടുത്തതുകൊണ്ടാണിതെന്നും പി.വി.അന്‍വര്‍ ഫേയ്സ്ബുക്ക് ലൈവില്‍ ആരോപിച്ചു.

കേരളത്തിലെ നീതിന്യായ വ്യവസ്ഥയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നെന്നും കോടതിയില്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തെ അവസാനിപ്പിക്കാന്‍ യുഡിഎഫിനൊപ്പം നിന്ന് പോരാടുമെന്നും ചോദ്യംചെയ്യലിന് ശേഷം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

ഇഡിയുടെ ചോദ്യം ചെയ്യലില്‍ താന്‍ തന്‍റെ ഭാഗം കൃത്യമായി വിശദീകരിച്ചുവെന്നും അക്കാര്യങ്ങള്‍ ഇഡി പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ആവശ്യം വന്നപ്പോള്‍ വായ്പയെടുത്ത ആളാണ് താനെന്നും ഒന്‍പത് കോടി രൂപ വായ്പയെടുത്തതില്‍ അഞ്ചുകോടി 79 ലക്ഷം രൂപ തിരിച്ചടച്ചുവെന്നും അന്‍വര്‍ പറയുന്നു. കുറച്ച് കാലത്തെ തിരിച്ചടവ് മുടങ്ങിയതോടെ തട്ടിപ്പിന് വേണ്ടി വായ്പയെടുത്തു എന്ന് കാണിച്ച് വിജിലന്‍സ് തനിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്ന് അന്‍വര്‍ ആരോപിക്കുന്നു.

പിണറായി സര്‍ക്കാരിനെതിരെയും മരുമോനിസത്തിനെതിരെയും നിലപാടെടുത്തതോടെയാണ് തന്‍റെ പേരില്‍ നിരവധി കേസുകള്‍ റജിസ്റ്റര്‍ ചെയ്തതെന്നും അന്‍വര്‍ അവകാശപ്പെട്ടു. ദുര്‍ഘട ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് പ്രാര്‍ഥിച്ച കേരളത്തിലെ സാധാരണക്കാരായ മനുഷ്യരോട് എന്നും കടപ്പെട്ടിരിക്കുമെന്നും അന്‍വര്‍ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.