ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഏറെക്കാലമായി മുടങ്ങിക്കിടക്കുന്നത് അഭിപ്രായവ്യത്യാസങ്ങൾ കാരണമല്ലെന്നും മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി നേരിട്ട് സംവദിക്കാൻ തയ്യാറാകാത്തത് കൊണ്ടാണെന്നും ഉള്ള വെളിപ്പെടുത്തലുമായി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക്.
മുഴുവൻ വ്യാപാരക്കരാറും തയ്യാറാക്കിയിരുന്നു, എന്നാൽ അത് പൂർത്തിയാക്കാൻ മോദി ട്രംപിനെ വിളിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് ഇത് സംബന്ധിച്ച് അസ്വസ്ഥതകൾ ഉണ്ടായിരുന്നു. മോദി വിളിച്ചില്ലെന്നും ഹോവാർഡ് ലുട്ട്‌നിക് അഭിമുഖത്തിൽ പറഞ്ഞു.
‘എല്ലാ ഡീലും തയ്യാറാക്കിയിരുന്നു. പക്ഷേ വ്യക്തമാക്കട്ടെ, ഇത് ട്രംപിന്റെ ഇടപാടാണ്. അദ്ദേഹമാണ് ഇത് പൂർത്തിയാക്കുന്നത്. അദ്ദേഹമാണ് ഇടപാട് നടത്തുന്നത്. മോദി പ്രസിഡന്റിനെ വിളിക്കേണ്ടിയിരുന്നു. ഇന്ത്യൻ സർക്കാരിന് അത് ചെയ്യാൻ അസ്വസ്ഥതയുണ്ടായിരുന്നു. മോദി വിളിച്ചില്ല. അടുത്ത ആഴ്ച ഞങ്ങൾ ഇൻഡോനീഷ്യ ഫിലിപ്പിൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽപോയി വ്യാപാര ഇടപാടുകൾ പ്രഖ്യാപിച്ചു. അതിനുമുമ്പ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാട് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു’ യുഎസ് വാണിജ്യ സെക്രട്ടറി പറഞ്ഞു.
തർക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് എന്തെകിലും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ‘നേരത്തെ സമ്മതിച്ച വ്യാപാര കരാറിൽനിന്ന് യുഎസ് പിൻമാറിയതായും അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും’ ഹോവാർഡ് ലുട്ട്‌നിക് മറുപടി നൽകി. ഇന്ത്യ അത് മുമ്പ് പൂർത്തിയാക്കേണ്ടതായിരുന്നുവെന്നും മൂന്നാഴ്ച മുമ്പ് ട്രെയിൻ സ്റ്റേഷൻ വിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















