മധ്യപ്രദേശിൽ മുൻ ആഭ്യന്തര മന്ത്രിയും നിലവിലെ എംഎൽഎയുമായ ബാല ബച്ചൻ്റെ മകളടക്കം മൂന്നുപേർ വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു. ഇൻഡോറിലെ തേജാജി നഗർ ബൈപ്പാസിന് സമീപം രാലമണ്ഡൽ എന്ന സ്ഥലത്തുവെച്ച് വെള്ളിയാഴ്ച പുലർച്ചെ അഞ്ചേകാലോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.
സംസ്ഥാന കോൺഗ്രസ് വക്താവ് ആനന്ദ് കസ്‌ലിവാലിൻ്റെ മകൻ പ്രഖർ കസ്‌ലിവാലിൻ്റെ ജന്മദിനം ആഘോഷിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ സഞ്ചരിച്ച കാർ. പ്രഖർ കസ്‌ലിവാലിൻ്റെ നിയന്ത്രണത്തിലായിരുന്ന കാർ, അവിടെ നിർത്തിയിട്ടിരുന്ന ഒരു ട്രക്കിൻ്റെ പിൻഭാഗത്തേക്ക് അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബാല ബച്ചൻ്റെ മകൾ പ്രേർണ ബച്ചൻ, പ്രഖർ കസ്‌ലിവാൽ, മൻസിന്ദു എന്നീ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന അനുഷ്‌ക രഥി എന്ന മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ അനുഷ്‌ക ചികിത്സയിൽ തുടരുകയാണ്. സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു മരണപ്പെട്ട പ്രേർണ ബച്ചൻ.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, മദ്യലഹരിയിലായിരുന്ന പ്രഖർ കസ്‌ലിവാലിന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. ശക്തമായ കൂട്ടിയിടിയിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തേജാജി നഗർ പോലീസ് കേസെടുത്ത് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















