വെനസ്വേലയിൽ നിന്നുള്ള എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഉപരോധം നേരിടുന്ന കപ്പലുകൾക്കെതിരായ നടപടികൾ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിന്റെ ഭാഗമായി, യുഎസ് സൈന്യം കരീബിയൻ കടലിൽ വീണ്ടും എണ്ണക്കപ്പൽ പിടിച്ചെടുത്തു.
എണ്ണനീക്കത്തിന് ഉപരോധം നേരിടുന്ന ഒലീന എന്ന കപ്പലാണ് തടഞ്ഞുവച്ചിരിക്കുന്നതെന്ന് യുഎസ് സതേൺ കമാൻഡ് അറിയിച്ചു. കുറ്റവാളികൾക്ക് സുരക്ഷിതമായ ഒളിത്താവളമില്ലെന്ന് സതേൺ കമാൻഡ് വ്യക്തമാക്കി.
മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിനു ശേഷമാണ് എണ്ണയുമായി വെനസ്വേലയിൽ നിന്ന് ഈ കപ്പൽ പുറപ്പെട്ടത്. വെനസ്വേലയിലേക്കും അവിടെനിന്നും യാത്ര ചെയ്യുന്ന, ഉപരോധം നേരിടുന്ന കപ്പലുകൾക്കെതിരായ കർശന നടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും കപ്പൽ പിടിച്ചെടുത്തത്.
വെനസ്വേലൻ എണ്ണയുടെ ആഗോള വിതരണം നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായി യുഎസ് സൈന്യം പിടിച്ചെടുക്കുന്ന അഞ്ചാമത്തെ എണ്ണക്കപ്പലാണ് ഒലിന. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള ‘മറിനേര’ എന്ന വെനസ്വേലൻ എണ്ണക്കപ്പൽ കഴിഞ്ഞ ദിവസം യുഎസ് പിടിച്ചെടുത്തിരുന്നു.
















