ഇറാനിൽ വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം ആളിക്കത്തുകയാണ്. ആദ്യം ടെഹ്റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്ന പ്രക്ഷോഭം ഇപ്പോൾ അനവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ രാജ്യത്തൊട്ടാകെ ഇന്റർനെറ്റ് നിരോധിച്ചു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്ന് റിപ്പോർട്ടുകളുണ്ട്. 2,500പേരെ കരുതൽ തടങ്കലിലാക്കി.
പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് റിസാ പഹ്‌ലവി രംഗത്ത് എത്തി. ‘പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും അടിയന്തര നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ഇടപെടാൻ ദയവായി തയ്യാറാകണം’ – റിസാ പഹ്‌ലവി സമൂഹമാധ്യമ പോസ്റ്റിൽ ആവശ്യപ്പെട്ടു.
1979ൽ ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനാണ് റിസാ പഹ്‌ലവി. ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് ഇറാനിൽ നിന്ന് പലായനം ചെയ്ത റിസാ പഹ്‌ലവി ഇപ്പോൾ യുഎസിലാണ് താമസിക്കുന്നത്.
ഡിസംബർ 28ന് വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സമരത്തെ കർശനമായാണ് ഇറാൻ ഭരണകൂടം നേരിട്ടത്. എന്നാൽ, പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് നടപടികൾ മയപ്പെടുത്തി.
അതിനിടെ പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. എന്നാൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി, പ്രക്ഷോഭകർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏജന്റുമാരാണെന്ന് ആരോപിച്ചു. ട്രംപ് അമേരിക്ക ഭരിച്ചാൽ മതിയെന്ന്, ഇറാനിൽ ഇടപെടുമെന്ന ഭീഷണിക്കു മറുപടിയായി ഖമനയി പറഞ്ഞു.
അതേസമയം ഇറാനിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
















