പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഒന്നും രണ്ടുമല്ല ഡസൺ കണക്കിന് പരാതികൾ വരുന്നു. ഇപ്പോഴുണ്ടായത് വളരെ വളരെ മോശമായ കാര്യമാണ്. രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്നും എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കോൺഗ്രസ് ഉന്നത നേതാക്കളും രാഹുലുമായി ഇപ്പോഴും പരസ്പര ധാരണയുണ്ട്. അതാണ് എംഎൽഎ സ്ഥാനം രാജി വയ്ക്കാത്തത്. നിലവിലെ കേസിൽ അഹങ്കാരത്തോടെയാണ് കുറ്റം ചെയ്തിരിക്കുന്നത്. എല്ലാരേയും വെല്ലുവിളിക്കുന്ന തരത്തിലാണ് രാഹുലിൻ്റെ നടപടി. ഈ കാര്യത്തിൽ എന്തുകൊണ്ടാണ് കോൺഗ്രസ് മെല്ലപ്പോക്ക് സ്വീകരിക്കുന്നതെന്നും മന്ത്രി ആരാഞ്ഞു.
എംഎൽഎ സ്ഥാനം മറയാക്കി ഇത്തരം കാര്യം ചെയ്യരുതെന്നും കോൺഗ്രസിൽ നിന്നുള്ള പിന്തുണ ഇപ്പോഴും രാഹുലിന് ലഭിക്കുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു. കേസിൽ നിയമപരാമയി മുന്നോട്ട് പോകും. എത്ര വലിയ സ്വാധീനമുള്ള വ്യക്തിയാണെങ്കിലും കൃത്യമായ നടപടി എടുക്കും. പിണറായി വിജയൻ സർക്കാർ മുന്നോട്ട് വയ്ക്കുന്ന നിലപാട് അതാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. മറ്റേതെങ്കിലും സംസ്ഥാനത്ത് ഇതുപോലെ നടപടി എടുക്കുന്നതായി കാണാൻ കഴിയില്ല. വികസന പ്രവർത്തനങ്ങൾക്ക് നൽകുന്ന അതേ മുൻഗണന കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കുന്ന കാര്യത്തിലും നൽകുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിൻ്റെ അറസ്റ്റ് മുതൽ തന്ത്രിയുടെ അറസ്റ്റ് വരെ അതിന് ഉദാഹരണമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
















