മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ അരങ്ങേറിയത് വൻ പ്രതിഷേധം. ഡിവൈഎഫ്‌ഐ, യുവമോർച്ച പ്രവർത്തകർ ആശുപത്രി വളപ്പിൽ രാഹുലിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.
രാഹുല്‍ കേരളത്തിന് അപമാനമാണെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഒരു നിമിഷം പോലും അര്‍ഹനല്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. രാഹുലിനെതിരെ പ്രതിഷേധക്കാര്‍ കൂകി വിളിച്ചു. വാഹനത്തില്‍ നിന്നും രാഹുലിനെ പുറത്തിറക്കാന്‍ പാടുപെട്ടതോടെ പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കുകയും അവരെ മറികടന്ന് രാഹുലിനെ ആശുപത്രിയിലേക്ക് കയറ്റുകയുമായിരുന്നു.
ആശുപത്രിക്കകത്തേക്ക് തള്ളികയറാനും പ്രതിഷേധക്കാര്‍ ശ്രമം നടത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.ആശുപത്രി വളപ്പിന് പുറമെ പ്രതിഷേധത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ പൊതിച്ചോറ് വിതരണം ചെയ്തു.വെെദ്യപരിശോധനയ്ക്ക് ശേഷം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ അർധരാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽവെച്ച് രാത്രി 12.30നായിരുന്നു കസ്റ്റഡിയിലെടുക്കൽ, പിന്നാലെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റ് രണ്ടു കേസുകളിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി.
















