മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിലും തീർത്ഥാടന പാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ച് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിർച്വൽ ക്യൂ ബുക്കിംഗിന് ഉൾപ്പെടെ കൃത്യമായ എണ്ണം നിശ്ചയിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
മകരവിളക്ക് ദിവസമായ ജനുവരി 14-ന് വെർച്വൽ ക്യൂ വഴി 30,000 പേർക്ക് മാത്രമായിരിക്കും ദർശനം അനുവദിക്കുക. ജനുവരി 13-ന് 35,000 പേർക്കും പാസ് നൽകും. മകരവിളക്കിന് ശേഷമുള്ള ദിവസങ്ങളിൽ, അതായത് ജനുവരി 15 മുതൽ 18 വരെ തീയതികളിൽ പ്രതിദിനം 50,000 പേർക്കും, ജനുവരി 19-ന് 30,000 പേർക്കും വിർച്വൽ പാസ് നൽകാവുന്നതാണ്.
സ്പോട്ട് ബുക്കിംഗ് നേരത്തെ 5000 പേർക്കായി പരിമിതപ്പെടുത്തിയിരുന്നു. കൂടാതെ, പാസ് ഇല്ലാത്തവർക്കും ബുക്ക് ചെയ്ത തീയതിയും സമയവും തെറ്റിച്ച് വരുന്നവർക്കും യാതൊരു കാരണവശാലും പ്രവേശനമുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.
കാനനപാതകളിലൂടെയുള്ള പ്രവേശനത്തിനും കർശന നിയന്ത്രണമുണ്ട്. ജനുവരി 13, 14 തീയതികളിൽ എരുമേലി വഴിയുള്ള കാനനപാതയിലൂടെ ആയിരം തീർത്ഥാടകരെയും, സത്രം-പുല്ലുമേട് വഴി 1500 പേരെയും മാത്രമേ അനുവദിക്കൂ.
മകരവിളക്ക് ദർശിക്കുന്നതിനായി പുല്ലുമേട്ടിൽ 5000 പേരിൽ കൂടുതൽ പേർ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. അപ്പാച്ചിമേട് ബെയിലി ബ്രിഡ്ജ് വഴിയുള്ള വനപാതയിലൂടെ ആരും പ്രവേശിക്കുന്നില്ലെന്ന് വനംവകുപ്പ് ഉറപ്പാക്കേണ്ടതാണ്.
മകരവിളക്ക് ദിവസമായ ജനുവരി 14-ന് തീർത്ഥാടകർക്ക് സമയക്രമത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ല. അതുപോലെ, 11 മണിക്ക് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കില്ല.
തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കുന്നതിനും സന്നിധാനത്തെ ശുചീകരണത്തിനും ഒരുക്കങ്ങൾക്കുമായി ഉച്ചയ്ക്ക് 12 മണി മുതൽ സന്നിധാനത്ത് കർശന നിയന്ത്രണങ്ങൾ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിർദേശിച്ചു. ഭക്തർക്ക് കുടിവെള്ളം, ലഘുഭക്ഷണം, അന്നദാനം എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കാൻ ദേവസ്വം ബോർഡിനും മറ്റ് അധികൃതർക്കും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.
















