മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി നിയമസഭ. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വ്യക്തമാക്കി.
കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതാണ് അതിൽ സ്പീക്കർക്ക് റോളില്ല. അറസ്റ്റ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി പരിശോധിക്കും. തുടർച്ചയായി പരാതികൾ വരുന്ന സാഹചര്യത്തിൽ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിയമത്തിനുള്ളിൽ നിന്നുകൊണ്ടുമാത്രമേ തനിക്ക് പ്രവർത്തിക്കാൻ സാധിക്കൂവെന്നും എ എൻ ഷംസീർ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവമോർച്ചയും രംഗത്തെത്തി.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്നലെ അർധരാത്രിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽവെച്ച് രാത്രി 12.30നായിരുന്നു കസ്റ്റഡിയിലെടുക്കൽ, പിന്നാലെ പത്തനംതിട്ട എ ആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
രാഹുലിനെതിരായ മൂന്നാമത്തെ പരാതിയിലായിരുന്നു അറസ്റ്റ്. മറ്റ് രണ്ടു കേസുകളിലും കോടതി അറസ്റ്റ് തടഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചുവെന്നും ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി.
















