മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ഗർഭച്ഛിദ്രം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് രാഹുലിനെതിരെ വന്നിട്ടുള്ളതെന്നും ഇത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ക്രൂര പീഡനവും മർദനവും ഉൾപ്പെടെ നടന്നതായി പരാതിയിലുണ്ട്. ഗർഭഛിദ്രം നടത്തിയിട്ടും ഭ്രൂണം നശിപ്പിക്കാതെ സൂക്ഷിച്ചിരിക്കുന്നത് രാഹുലിന് വെല്ലുവിളിയാകും. ഡിഎൻഎ പരിശോധനയിലൂടെ കൃത്യമായി കാര്യങ്ങൾ മനസിലാകും. കൂടുതൽ കേസുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു. കേരളത്തിലെ കോൺഗ്രസിന്റെ ജീർണമുഖത്തിന്റെ അടയാളപ്പെടുത്തലായാണ് ഓരോ വെളിപ്പെടുത്തലുകളും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും കോൺഗ്രസിന്റെ പരിപൂർണമായ പിന്തുണയിലാണ്. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലേക്ക് രാഹുൽ വീണ്ടുമിറങ്ങും. അതിനൊന്നും യാതൊരു ഉളുപ്പുമില്ല. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമൊക്കെയാകാനുള്ള കോൺഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട യോഗ്യത ഇതൊക്കൊയാണെന്ന് ജനം മനസിലാക്കണമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വളരെ ജീർണമായ അവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്. പൊതുപ്രവർത്തന രംഗത്തുള്ളവർ പ്രശ്നത്തെ വളരെ ഗൗരവതരമായി കാണുന്നു. ഓരോ കുറ്റകൃത്യവും നടത്തുമ്പോൾ രാഹുൽ കോൺഗ്രസിന്റെ അംഗവും യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റും എംഎൽഎയുമൊക്കെയായിരുന്നു. എപ്പോഴാണ് കോൺഗ്രസ് രാഹുലിനെ പുറത്താക്കാൻ തയാറായതെന്ന് ജനം ഓർക്കണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട്, അവർ മനസിലാക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ സിപിഐഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് ആവശ്യമായ നിലപാട് രാഹുൽ തന്നെ സ്വീകരിക്കട്ടെയെന്നും നിയമസഭയിൽ നിന്ന് അയോഗ്യനാക്കണോ എന്ന കാര്യം നിയമപരമായി പരിശോധിക്കട്ടെയെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
















