ബിജെപിയുടെ മിഷൻ 2026 പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് നടന്ന ബിജെപി സംസ്ഥാന ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ബിജെപി മുഖ്യമന്ത്രിയെ അധികാരത്തിൽ എത്തിക്കുമെന്നാണ് ‘മിഷൻ 2026’ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിൽ വന്ന ശേഷം ആദ്യമായാണ് അമിത് ഷാ കേരളത്തിലെത്തിയത്. കോർപ്പറേഷനിൽ ബിജെപി വരുമെങ്കിൽ പത്മനാഭസ്വാമിക്ക് മുമ്പിൽ ദർശനം നടത്തുമെന്ന് താൻ പറഞ്ഞിരുന്നു എന്നും ഇന്ന് അത് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അയ്യപ്പ വിഗ്രഹം സമ്മാനിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മുൻപ് ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ വേദിയിലേക്ക് വിളിച്ച് ഷാൾ അണിയിക്കുകയും ചെയ്തു.
സംസ്ഥാനത്തെ എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ രൂക്ഷമായി വിമർശിച്ച അമിത് ഷാ, കേരളത്തിൽ വികസനം സ്തംഭനാവസ്ഥയിലാണെന്നും വിശ്വാസം സംരക്ഷിക്കാൻ ഇരുമുന്നണികൾക്കും കഴിയില്ലെന്നും ആരോപിച്ചു. മുത്തലാഖ് വിഷയത്തിലും ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയർത്തി.
അമിത് ഷായുടെ വാക്കുകൾ:
”കേരളത്തിൽ താമര വിരിക്കുക എളുപ്പമായിരുന്നില്ല. ബിജെപിയുടെ കയ്യിൽ ഭരണം ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ലക്ഷക്കണക്കിന് പ്രവർത്തകരുടെ ആത്മസമർപ്പണം ആയിരുന്നു. കേരളത്തിൽ വലിയ വിജയം ആണ് നേടിയത്. ലക്ഷ്യത്തിലേക്ക് ഇനിയും പടികൾ ഉണ്ട്. കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകണമെന്നതാണ് ലക്ഷ്യം. ദേശദ്രോഹികളിൽ നിന്നും കേരളത്തെ സംരക്ഷിക്കണം. വിശ്വാസത്തെ സംരക്ഷിക്കണം. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമേ ഇക്കാര്യങ്ങളെല്ലാം നടത്താൻ സാധിക്കൂ.
2047-ൽ വികസിത ഭാരതം ആക്കി മാറ്റും. വികസിത കേരളത്തിലൂടെ അത് സാധ്യമാകും. കേരളത്തിലെ വികസനം നിലവിൽ സ്തംഭനാവസ്ഥയിലാണ്. എൽഡിഎഫും യുഡിഎഫും അഴിമതി അവസാനിപ്പിക്കും എന്നും പറയുമെങ്കിലും ഒന്നും ചെയ്യില്ല. വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫിനോ യുഡിഎഫിനോ സാധിക്കില്ല. ലോകം മുഴുവൻ കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതെയായി. കോൺഗ്രസ് ഇന്ത്യയിൽ ഇല്ലാതെയായി.
1984-ൽ ലോകസഭയിൽ രണ്ട് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇന്ന് മൂന്നാമതും അധികാരത്തിലിരിക്കുന്നു. കേരളത്തിൽ നിശ്ചയമായും ബിജെപി അധികാരത്തിൽ വരും. ഇന്ന് തിരുവനന്തപുരത്ത് ബിജെപി ഭരണം നമ്മൾ കാണുന്നു. ഇനി ബിജെപി മുഖ്യമന്ത്രിയെയും കാണും.
ബിജെപി മുത്തലാഖ് നിർത്തലാക്കി. കേരളത്തിലെ മുഖ്യമന്ത്രിയോട് ചിലത് ചോദിക്കാനുണ്ട്. മുസ്ലിം വനിതകൾക്ക് സ്വാതന്ത്ര്യമായി ജീവിക്കാൻ അധികാരം ഇല്ലേ? മുനമ്പത്ത് എന്ത് നടപടി സ്വീകരിച്ചു? പ്രീണനമാണ് ഇവർ ചെയ്യുന്നത്. ശബരിമലയുടെ സ്വത്ത് സംരക്ഷിതമല്ലാത്ത ഭരണത്തിന് കീഴിൽ നമ്മുടെ വിശ്വാസം സംരക്ഷിക്കപ്പെടുന്നു? വിശ്വാസം സംരക്ഷിക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ.
ഇന്ന് നിങ്ങൾ ശബരിമലയിൽ നിന്നും കൊള്ളയടിച്ച സ്വർണം കേരളത്തിന് മാത്രമല്ല രാജ്യത്തെ വിശ്വാസ സമൂഹത്തെയാണ് ബാധിച്ചത്. എഫ്ഐആർ ഞാൻ കണ്ടു. പ്രതികളെ രക്ഷിക്കാൻ അതിൽ പഴുതുകൾ ഉണ്ട്. രണ്ടു മന്ത്രിമാർ ജനങ്ങളിൽ മുമ്പിൽ സംശയത്തിലാണ്. മുഖ്യമന്ത്രി എങ്ങനെയാണ് ആ രണ്ട് മന്ത്രിമാരെ ന്യായീകരിക്കുന്നത്? പിണറായി വിജയൻ ഒരു കാര്യം മനസ്സിലാക്കണം, നിഷ്പക്ഷ അന്വേഷണത്തിന് സർക്കാർ വഴങ്ങേണ്ടിവരും.”
















