ശബരിമലയിലെ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട സ്വർണ്ണക്കടത്ത് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേസിലെ പ്രതികളുടെ ജാമ്യഹർജി പരിഗണിക്കവെയാണ്, എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണൻ പോറ്റി എന്ന വ്യക്തിയെ ഏൽപ്പിച്ചത് എന്തിനാണെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും കോടതി ചോദിച്ചത്.
ശബരിമല ശ്രീകോവിലിന്റെ വാതിൽ, കട്ടിളപ്പാളി, ദ്വാരപാലകശില്പം എന്നിവയിൽ സ്വർണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ചുമതലപ്പെടുത്തിയത് എന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചപ്പോഴാണ് ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങൾ പുറത്തുള്ള ഒരു വ്യക്തിയെ ഏൽപ്പിക്കേണ്ട സാഹചര്യം എന്തായിരുന്നു എന്നതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധനൻ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവരുടെ ജാമ്യ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതിൽ ഗോവർധനന്റെ ജാമ്യ ഹർജിയിലാണ് പ്രധാനമായും വാദം നടന്നത്.
താൻ ഒരു അയ്യപ്പഭക്തനാണെന്നും, കേസുമായി ബന്ധമില്ലാതെ കുടുങ്ങിയതാണെന്നും ഗോവർധനൻ കോടതിയെ അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി 1.40 കോടി രൂപയോളം ശബരിമലയിൽ ചെലവഴിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം വാദിച്ചു.
ശ്രീകോവിലിന്റെ വാതിൽ 35 ലക്ഷം രൂപ മുടക്കി പണിതു നൽകിയതും, മുൻപിലെ ഭണ്ഡാരം (ഹുണ്ടിക) നിർമ്മിച്ചു നൽകിയതും താനാണെന്ന് ഗോവർധനൻ ചൂണ്ടിക്കാട്ടി.
ഗോവർധനന്റെ ജാമ്യ ഹർജിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (എസ്ഐടി) ശക്തമായി എതിർത്തു. സ്വർണ്ണക്കടത്തിൽ ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവർക്കൊപ്പം ഗോവർധനനും പ്രധാന പങ്കുണ്ടെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
















