ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്കൻ സേന പിടിച്ചെടുത്ത ‘ബെല്ല 1’ എന്ന എണ്ണക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിച്ചു. തിങ്കളാഴ്ചയാണ് ഇവരെ വിട്ടയച്ചത്. റഷ്യൻ പതാകയുള്ള വെനസ്വേലൻ എണ്ണക്കപ്പലാണിത്.
കപ്പലിലെ ആകെ 28 ജീവനക്കാരിൽ 3 ഇന്ത്യക്കാരാണുണ്ടായിരുന്നത്. മറ്റു ജീവനക്കാരിൽ 17 പേർ യുക്രെയ്ൻ, 2 പേർ റഷ്യ, 6 പേർ ജോർജിയ എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. റഷ്യൻ ജീവനക്കാരെ മോചിപ്പിക്കുമെന്നു യുഎസ് വ്യക്തമാക്കിയിരുന്നു.
റഷ്യൻ മുങ്ങിക്കപ്പലിന്റെ അകമ്പടിയോടെ സഞ്ചരിക്കവേയാണ് ബെല്ല1 യുഎസ് സേനയുടെ പിടിയിലായത്. ഉപരോധം മറികടന്ന് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു കപ്പലിനെ യുഎസ് നേരത്തേ വിലക്കിയിരുന്നു.
രണ്ടാഴ്ചയിലേറെ തുടർന്ന തിരച്ചിലിനു ശേഷമാണ് കപ്പൽ പിടിച്ചെടുത്തത്. മുങ്ങിക്കപ്പലിലെ റഷ്യൻ സൈനികർ ആക്രമണത്തിനു മുതിർന്നില്ല. കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.
















