കോഴിക്കോട് വെള്ളയിലിലെ ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ പരിശീലനകേന്ദ്രത്തിൽ താമസിക്കുന്ന യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി സുജിത്ത് സോമനാണ് (30) മർദനത്തിൽ പരിക്കേറ്റത്. മുഖത്തും കയ്യിലും കാലിലും എല്ലാം അടിയേറ്റ പാടുകളുണ്ട്.
10 വർഷത്തിലേറെയായി സുജിത് ഈ സ്ഥാപനത്തിലാണ് പഠിക്കുന്നത്. മാസത്തിൽ ഒരിക്കൽ ആണ് വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാറ്. പതിവുപോലെ സഹോദരൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വന്നപ്പോഴാണ് മർദനത്തിന്റെ പാടുകൾ കാണുന്നത്.
സഹോദരനായ അജിത്ത് ആണ് കൂട്ടികൊണ്ട് വരാൻ ആയി ചെന്നത്. ആദ്യം അജിത്ത് ചൊവ്വാഴ്ച കൂട്ടികൊണ്ട് പോകാൻ വരുമെന്ന് പറഞ്ഞപ്പോൾ സുജിത്ത് സ്ഥാപനത്തിൽ മോഷണം നടത്തി എന്നും അതിനാൽ ഈ മാസം വീട്ടിലേക്ക് വിടുന്നില്ലെന്നും അദ്ധ്യാപിക അജിത്തിനോട് പറഞ്ഞു. ഇതിൽ സംശയം തോന്നിയ അജിത്ത് ഇന്നലെ വൈകിട്ടോടെ സ്ഥാപനത്തിൽ എത്തിയപ്പോഴാണ് സുജിത്തിന്റെ ദേഹത്തെ പാടുകൾ കാണുന്നത്.
സംഭവത്തിൽ അജിത്ത് വെള്ളയിൽ പോലീസിൽ പരാതിനൽകിയിട്ടുണ്ട്. പരാതിലഭിച്ചിട്ടുണ്ടെന്നും പരിക്കേറ്റ യുവാവിന്റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നും വെള്ളയിൽ പോലീസ് പറഞ്ഞു.
















