ശബരിമല കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയ സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങൾ തമ്മിൽ വാക്പോര് മുറുകുന്നു. കൊടിമര സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുന്നതിനിടെ, അന്നത്തെ കോൺഗ്രസ് പ്രതിനിധികളായ പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് മുൻ അംഗം കെ. രാഘവൻ തുറന്നടിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം വാജിവാഹനം കൈമാറിയ വിഷയവും പരിശോധിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ വെളിപ്പെടുത്തൽ.
വാജിവാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ നടന്നിട്ടില്ലെന്ന് സിപിഎം പ്രതിനിധിയായിരുന്ന കെ. രാഘവൻ വ്യക്തമാക്കി. താൻ ബോർഡിൽ എത്തുന്നതിന് മുൻപേ തന്നെ പഴയ കൊടിമരം മാറ്റാനുള്ള തീരുമാനങ്ങൾ എടുത്തിരുന്നു.
കോൺഗ്രസ് പ്രതിനിധികൾക്ക് ബോർഡിൽ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ പല തീരുമാനങ്ങളും താനറിയാതെയാണ് നടപ്പിലാക്കിയതെന്നും, ദേവസ്വം സ്വത്തുക്കൾ പുറത്തേക്ക് കൊണ്ടുപോകുന്നതിൽ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കീഴ്‌വഴക്കങ്ങൾ അനുസരിച്ചാണ് വാജിവാഹനം തന്ത്രിക്ക് കൈമാറിയതെന്നാണ് അജയ് തറയിലിന്റെ മുൻപത്തെ വിശദീകരണം. അന്ന് ബോർഡിലുണ്ടായിരുന്ന രാഘവന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത് നടന്നതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ദേവസ്വം ബോർഡിന്റെ വസ്തുവകകൾ പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന കർശനമായ ഉത്തരവ് നിലനിൽക്കെ നടന്ന ഈ കൈമാറ്റം ഇപ്പോൾ നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്.
വിവാദം കനത്തതോടെ വാജിവാഹനം തന്റെ പക്കലുണ്ടെന്നും അത് തിരികെ നൽകാൻ തയ്യാറാണെന്നും തന്ത്രി നേരത്തെ അറിയിച്ചിരുന്നു. പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചതിനാൽ, അജയ് തറയിലിന്റെ മൊഴി കേസിൽ നിർണായകമാകും.
അതേസമയം, ഫീനിക്‌സ് ഗ്രൂപ്പ് പൂർണ്ണമായും സ്‌പോൺസർ ചെയ്ത കൊടിമരത്തിന്റെ പേരിൽ അനധികൃതമായി പണപ്പിരിവ് നടന്നതായും ആരോപണമുയർന്നിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഈ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
















