പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയെന്നാരോപിച്ച് 16 വയസ്സുകാരന് നേരെ ക്രൂരമായ ആക്രമണം. മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടിയെ ക്രൂരമായി മർദ്ദിച്ച ശേഷം നഗ്നനാക്കി മുഖത്ത് കരിപുരട്ടി ഒന്നര കിലോമീറ്ററോളം പൊതുനിരത്തിലൂടെ നടത്തിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൂന്ന് മാസം മുമ്പാണ് ആൺകുട്ടി പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയത്. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷം ഇരുവരും വീട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് നിയമനടപടികളുടെ ഭാഗമായി ആൺകുട്ടിയെ ഒരു മാസത്തേക്ക് ജയിലിലടയ്ക്കുകയും പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ആൺകുട്ടി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്.
രോഗബാധിതയായ തന്റെ അമ്മയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായാണ് ആൺകുട്ടി നാട്ടിലേക്ക് തിരിച്ചെത്തിയത്. എന്നാൽ അവിടെവെച്ച് ആൺകുട്ടിയെ കണ്ട പെൺകുട്ടിയുടെ ബന്ധുക്കൾ അവനെ തട്ടിക്കൊണ്ടുപോയി ഒരു മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മുറിയിൽ വെച്ച് മർദ്ദിച്ചതിന് ശേഷം കുട്ടിയുടെ വസ്ത്രങ്ങൾ അഴിപ്പിക്കുകയും മുഖത്ത് കരിപുരട്ടുകയും ചെയ്തു. തുടർന്ന് കല്ലുകൾ നിറഞ്ഞ പാതയിലൂടെ വലിച്ചിഴച്ചതായും പരാതിയിൽ പറയുന്നു. ഇത്രയും ക്രൂരതകൾ പോരാതെ ആൺകുട്ടിയെ ആൾക്കൂട്ടത്തിന് മുന്നിലൂടെ ഒന്നര കിലോമീറ്ററോളം നഗ്നനാക്കി നടത്തിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് നടപടി കർശനമാക്കിയത്.
















