എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയത പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറയുന്നത് ഗുരുനിന്ദയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. വെള്ളാപ്പള്ളി ആരുടേയോ ഉപകരണമായി മാറുകയാണ്. വർഗീയത ആര് പറഞ്ഞാലും എതിർക്കുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. മതപരമായ തർക്കങ്ങളുണ്ടാക്കി, ഭിന്നിപ്പിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്ന സംഘപരിവാർ തന്ത്രമാണ് ഇപ്പോൾ സിപിഐഎം പയറ്റുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. സംഘപരിവാർ പാതയിലാണ് സിപിഐഎം എന്നും വർഗീയതയ്ക്ക് എതിരെ പറയാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വെള്ളാപ്പള്ളി നടേശനെതിരെയല്ല തിരുവനന്തപുരത്ത് നിന്ന് പ്രസംഗിച്ചതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രിക്ക് മതേതരത്വത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ല. എ.കെ. ബാലൻ്റെ പ്രസ്താവന സംഘപരിവാർ രീതിക്ക് സമാനമായിരുന്നു. അത് എം.വി. ഗോവിന്ദൻ തള്ളി പറഞ്ഞെങ്കിലും, പിണറായി വിജയൻ ബാലനെ സംരക്ഷിക്കുകയായിരുന്നു. ന്യൂനപക്ഷ വർഗീയതയാണെങ്കിലും, ഭൂരിപക്ഷ വർഗീയതയാണെങ്കിലും അത് കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നും, ആര് വർഗീയ പരാമർശം നടത്തിയാലും അതിനെതിരെ കോൺഗ്രസ് നിലപാടെടുക്കുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
















