രാജസ്ഥാനിൽ പെൺസുഹൃത്തിന്റെ വീട്ടുകാർ പതിനെട്ടുകാരനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുകയും കൂടാതെ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി യുവാവിന്റെ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു എന്ന പരാതിയുമായി മാതാപിതാക്കൾ. മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയാ സോനു (18) ആണ് ക്രൂര പീഡനത്തിന് ഇരയായത്.
രാജസ്ഥാനിലെ ഝലാവർ ജില്ലയിലാണ് സംഭവം. ഝലാവർ ജില്ലയിലെ പുലോരോ സ്വദേശിയായ പെൺകുട്ടിയുമായി സോനു പ്രണയത്തിലായിരുന്നു. 15 ദിവസം മുമ്പ് ഇരുവരും ഒളിച്ചോടുകയും സോനുവിനൊപ്പം ഭോപ്പാലിൽ താമസിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ ഉടൻ തന്നെ പെൺകുട്ടിയെ തിരികെ വിളിച്ചുകൊണ്ടുപോയി.
ഇതിന് ശേഷം കഴിഞ്ഞ ദിവസം പെൺകുട്ടിയെ കൊണ്ട് വീട്ടുകാർ നിർബന്ധിപ്പിച്ചു സോനുവിനെ വിളിപ്പിക്കുകയും രാജസ്ഥാനിൽ വന്ന കാണാൻ പറയുകയും ചെയ്തു. ഇത് വിശ്വസിച്ചു അവിടേക്ക് ചെന്ന സോനുവിനെ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തട്ടിക്കൊണ്ടുപോയി സോനുവിനെ മൂന്നു ദിവസത്തോളം അതി ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. കൂടാതെ ഇതിന്റെ ദൃശ്യങ്ങൾ എടുത്തു സോനുവിന്റെ വീട്ടുകാർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
തുടർന്ന് വീട്ടുകാർ കോലാർ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
















