കണ്ണൂര്‍: വനിതാ ഡോക്ടറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവന്‍ രാം (28) ആണ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തില്‍ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബര്‍ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തലശ്ശേരി സ്വദേശിയായ ഡോക്ടറെ വാട്‌സാപ്പ് വിഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, പരാതിക്കാരിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
കേസ് ഒത്തുതീര്‍പ്പാക്കാനെന്ന പേരില്‍ ഡോക്ടറുടെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് 10,50,000 രൂപ അയപ്പിക്കുകയായിരുന്നു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി ജീവന്‍ രാം ചെക്ക് വഴി അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തി.
















