ജമ്മു കാശ്മീരിൽ കിഷ്ത്വാറിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യൻ സൈന്യം ആരംഭിച്ച ‘ഓപ്പറേഷൻ ട്രാഷി’ എന്ന സൈനിക നീക്കത്തിനിടെ ഉണ്ടായ കനത്ത ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഹവീൽദാർ ഗജേന്ദ്ര സിങ് ആണ് വീരമൃത്യു വരിച്ചത്.
ഇന്നലെ ഉച്ചയോടെ ജമ്മു ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി യൂണിറ്റായ വൈറ്റ് നൈറ്റ് കോർപ്സ് ‘ഓപ്പറേഷൻ ട്രാഷി-I’ ന് തുടക്കംകുറിച്ചത്. പാകിസ്താൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങൾ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്.
കിഷ്ത്വാറിലെ ചത്രൂവിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വനമേഖല കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തിരച്ചിൽ നടന്നത്. തിരച്ചിൽസംഘം വനത്തിനുള്ളിലേക്ക് നീങ്ങുന്നതിനിടെ ഒളിച്ചിരുന്ന മൂന്ന് പേരടങ്ങുന്ന ഭീകരരുടെ സംഘം സൈനികർക്കുനേരെ തുരുതുരെ വെടിയുതിർക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. ഈ ഏറ്റുമുട്ടലിൽ ആണ് സൈനികന് വീര മൃത്യു വരിക്കേണ്ടി വന്നത്.
ഏറ്റുമുട്ടലിനിടെ ഗ്രനേഡ് ചീളുകൾ തറച്ച് മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















