നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. മന്ത്രിസഭ തയ്യാറാക്കി കൈമാറിയ പ്രസംഗം ഗവർണർ നിയമസഭയിൽ വായിക്കും.
പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ഗവർണർ തിരുത്താവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയിരുന്നില്ല. പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് എതിരായ ഭാഗങ്ങള്‍ ഒഴിവാക്കിയാവും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗം വായിക്കുക. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമർശങ്ങൾ ഗവർണർ വായിക്കാതെ വിടും.
ഇത്തവണ മാര്‍ച്ച് 26 വരെയാണ് സഭ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം സഭ പിരിയും. 29ന് 2026-27 വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. തുടര്‍ന്ന് 2 മുതല്‍ 5 വരെ ബജറ്റിനെക്കുറിച്ചുള്ള പൊതുചര്‍ച്ചയും വോട്ടെടുപ്പും നടക്കും.
ഫെബ്രുവരി 6 മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. പതിനഞ്ചാം നിയമസഭയുടെ 15 സെഷനുകളിൽ മൊത്തം 182 ദിവസം സഭ ചേർന്നിട്ടുണ്ട്. ഇതിൽ 158 ബില്ലുകൾ പാസാക്കി. സഭ പാസാക്കിയ ബില്ലുകളിൽ 14 എണ്ണം ഗവർണറുടെ പരിഗണനയിലാണ്.
















