മൊബൈൽ ക്യാമറകൾ ആയുധമാക്കി മാറ്റുന്ന സോഷ്യൽ മീഡിയ വിചാരണകൾ എങ്ങനെ ഒരു സാധാരണ മനുഷ്യന്റെ ജീവിതം തകർക്കുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണം.
ബസ് യാത്രയ്ക്കിടയിലുണ്ടായ നിസാരമായ ഒരു തെറ്റിദ്ധാരണയെ ‘ലൈംഗികാതിക്രമം’ എന്ന കള്ളപ്പേരിട്ട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഷിംജിത മുസ്തഫ എന്ന യുവതിക്കെതിരെ ഇപ്പോൾ കടുത്ത നിയമനടപടികൾ ആരംഭിച്ചിരിക്കുകയാണ്. അപമാന ഭാരത്താൽ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ ആക്ടിവിസ്റ്റ് സെബാസ്റ്റ്യൻ വർക്കിയുടെ നേതൃത്വത്തിൽ ആണ് പരാതി ഫയൽ ചെയ്തിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്ട് എന്നിവയിലെ കടുത്ത വകുപ്പുകൾ പ്രകാരമാണ് ഷിംജിതയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ദീപക്കിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കുറ്റത്തിന് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ‘ആത്മഹത്യാ പ്രേരണാ കുറ്റം’ ഷിംജിതയ്ക്കെതിരെ ചുമത്തണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. അഡ്വ. റിനേഷ് എടത്തടാൻ മുഖേന കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ഇതുസംബന്ധിച്ച ക്രിമിനൽ പരാതി നൽകിയിരിക്കുന്നത്.
ശിക്ഷാ നടപടികൾക്ക് പുറമെ, മാതൃകാപരമായ വലിയൊരു നഷ്ടപരിഹാര തുകയും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. മകൻ നഷ്ടപ്പെട്ടതോടെ വാർധക്യത്തിൽ അനാഥരായ ദീപക്കിന്റെ മാതാപിതാക്കൾക്ക് ഷിംജിതയിൽ നിന്ന് ഒരു കോടി രൂപ നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നാണ് ആവശ്യം.
ഇതിനായി ഷിംജിതയുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടികളിലേക്ക് നീങ്ങാനാണ് നിയമോപദേശം. സ്ത്രീസുരക്ഷാ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കുള്ള താക്കീതായി ഈ കേസ് മാറണമെന്നാണ് പൊതുവികാരം.
സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾ ഒരു വ്യക്തിയുടെ കുടുംബത്തെയും ഭാവിയെയും എങ്ങനെ തകർക്കുന്നു എന്നതിന്റെ നേർചിത്രമാണ് ദീപക്കിന്റെ വിയോഗം. 2026 ജനുവരി 18-ന് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു പുരുഷനായതിന്റെ പേരിൽ മാത്രം നേരിടേണ്ടി വന്ന സോഷ്യൽ മീഡിയ വിചാരണയ്ക്കും നീതി നിഷേധത്തിനും അറുതി വരുത്താൻ ഈ നിയമപോരാട്ടം അനിവാര്യമാണെന്ന് സെബാസ്റ്റ്യൻ വർക്കി വ്യക്തമാക്കി.
















