നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് സഭയെ പ്രക്ഷുബ്ധമാക്കാൻ പ്രക്ഷുബ്ധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഇന്ന് ചോദ്യോത്തര വേള ഇല്ലാത്തതിനാൽ ശൂന്യവേളയിൽ തന്നെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.
കൂടാതെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഡി.കെ. മുരളി നൽകിയ പരാതി സഭാതലത്തിൽ ചർച്ച ചെയ്യണോ അതോ നേരിട്ട് എത്തിക്സ് കമ്മിറ്റിക്ക് വിടണോ എന്ന കാര്യത്തിൽ സ്പീക്കർ ഇന്ന് തീരുമാനമെടുക്കും.
സമ്മേളനത്തിന്റെ ആദ്യ ദിനം അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയ്ക്ക് സഭ അർഹമായ ആദരവ് അർപ്പിച്ചു. സ്പീക്കർ എ.എൻ. ഷംസീർ അവതരിപ്പിച്ച അനുശോചന പ്രമേയത്തിൽ മുഖ്യമന്ത്രിയും വിവിധ കക്ഷി നേതാക്കളും പങ്കുചേരുകയും കാനത്തിൽ ജമീലയുടെ പൊതുപ്രവർത്തന മേഖലയിലെ സംഭാവനകളെ സ്മരിക്കുകയും ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനത്തിലൂടെ നിയമസഭയിലെത്തിയ അവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കഴിഞ്ഞ ദിവസം സഭ പിരിഞ്ഞിരുന്നു.
















