കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്ക് ജീവപരന്ത്യം തടവ്. ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു.
ഒരുലക്ഷം രൂപ പിഴയും ജീവപരന്ത്യം തടവുമാണ് വിധിച്ചിരിക്കുന്നത്. ഈ കേസ് വലിയ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ടെന്ന് വിധി പ്രസ്താവത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. ശരണ്യയുടെ കുടുംബ പശ്ചാത്തലം അടക്കം പരിശോധിച്ച ശേഷമാണ് വിധി. 22ാം വയസിലാണ് ശരണ്യ കുറ്റകൃത്യം നടത്തുന്നത്. ശരണ്യക്ക് വിവാഹശേഷം മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന പ്രതിഭാഗത്തിൻ്റെ വാദമടക്കം കോടതി പരിഗണിച്ചിരുന്നു.
രണ്ടാം പ്രതിയും ശരണ്യയുടെ സുഹൃത്തുമായ നിതിനെ കോടതി വെറുതെ വിട്ടിരുന്നു. ശരണ്യക്കെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞെങ്കിലും, ഗൂഢാലോചന തെളിയിക്കാനായിട്ടില്ല. നിധിനെതിരെ ചുമത്തിയ ഗൂഢാലോചന ഉള്‍പ്പെടെ കുറ്റങ്ങളും തെളിയിക്കാനായില്ല. പിന്നാലെയാണ് നിതിനെ വെറുതെവിട്ടത്.
2020ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത്. കുഞ്ഞിനെ വീട്ടിൽനിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കൽഭിത്തിയിൽ തലയ്ക്കടിച്ച് കൊന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു. മുലപ്പാൽ നൽകി മൂന്ന് മണിക്കൂറിനകം ആണ് കൊലപാതകം നടത്തിയത്. ആൺ സുഹൃത്തിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്.
















