കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സിനിമാതാരം കൃഷ്ണപ്രസാദ് മർദിച്ചതായി പരാതി. കോട്ടയം ശ്രീനിലയം വീട്ടിൽ ഡോ.ബി.ശ്രീകുമാറാണ് (67) നടൻ കൃഷ്ണപ്രസാദും സഹായി കൃഷ്ണകുമാറും ചേർന്നു മർദിച്ചതായാണ് ചങ്ങനാശ്ശേരി പോലീസിൽ പരാതി നൽകിയത്.
കോട്ടയം നഗരത്തിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ, ചങ്ങനാശേരി പെരുന്ന സുബ്രമണ്യസ്വാമി ക്ഷേത്രത്തിനടുത്തുള്ള ഭാര്യയുടെ പേരിലുള്ള വസ്തുവിൽ വീട് നിർമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലാളികൾ കല്ലുകെട്ടിയപ്പോൾ കൃഷ്ണപ്രസാദ് എത്തി തടയുകയും ഇനി കല്ലുകെട്ടിയാൽ പൊളിച്ചു കളയുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇത് അറിഞ്ഞാണ് ശ്രീകുമാർ സ്ഥലത്തെത്തുന്നത്. കൃഷ്ണപ്രസാദ് കല്ലിടുന്നത് തടയുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിനാലാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
എന്നാൽ മർദിച്ചത് കളവാണെന്നാണ് നടൻ കൃഷ്ണ പ്രസാദ് ആരോപിക്കുന്നത്. വയൽനികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമമാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്വതന്ത്രയ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹമുള്ളതിനാലാണ് തനിക്കെതിരെ ഈ ആരോപണം എന്നും നടൻ കൂട്ടിച്ചേർത്തു.
















