ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും.
റിമാന്‍ഡ് കാലാവധി 90 ദിവസം കഴിഞ്ഞിട്ടും എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തത് ചൂണ്ടിക്കാട്ടിയുള്ള ജാമ്യഹര്‍ജിയില്‍ ഇന്നലെ വാദം പൂര്‍ത്തിയായി. ജാമ്യം ലഭിച്ചാല്‍ കേസില്‍ ജയില്‍ മോചിതനാകുന്ന ആദ്യയാളാകും മുരാരി ബാബു.
ദ്വാരപാലക ശില്‍പ കേസിലും കട്ടിള പാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുരാരി ബാബുവിന്റെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടു. എന്നാല്‍, ഇതുവരെ എസ്‌ഐടി ഇടക്കാല കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി കൊല്ലം വിജിലന്‍സ് കോടതിയില്‍ മുരാരി ബാബു സമര്‍പ്പിച്ച ഇരു ജാമ്യഹര്‍ജികളിലും ഇന്നലെ വാദം പൂര്‍ത്തിയായി.
പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം വാദം. ജാമ്യഹര്‍ജിയില്‍ ഇന്ന് വിജിലന്‍സ് കോടതി വിധി പറയും. വരും ദിവസങ്ങളില്‍ കേസിലെ മറ്റു പ്രതികളും ജാമ്യഹര്‍ജി സമര്‍പ്പിക്കും. അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് വീണ്ടും നീട്ടി നല്‍കും.
















