രുചിയിൽ കേമനായ മത്തിയെ പുത്തൻ രീതിയിൽ ഒന്നു പാകം ചെയ്താലോ? അധിക സമയം കളയാതെ വ്യത്യസ്ത രുചിക്കൂട്ടിൽ കുക്കറിൽ മത്തി വറ്റിച്ചെടുക്കാം. എങ്ങനെയെന്ന് നോക്കാം. മത്തി നന്നായി വെട്ടി വൃത്തിയാക്കി വരഞ്ഞ് എടുക്കാം.
അതിലേക്ക് കശ്മീരി മുളക്പൊടിയും മഞ്ഞപൊടിയും കുരുമുളക്പൊടിയും ആവശ്യത്തിനുള്ള ഉപ്പും ഇഞ്ചി വെളുത്തുള്ളി അരച്ചതും ആവശ്യത്തിനുള്ള വെളിച്ചെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് വരഞ്ഞ മത്തിയിൽ പുരട്ടാം. മസാലക്കൂട്ട് നന്നായി മീനിലേക്ക് പിടിക്കുവാനായി അരമണിക്കൂറോളം ഫ്രിജിൽ വയ്ക്കാം.
ശേഷം കുക്കറിൽ ആവശ്യത്തിനുള്ള വെളിച്ചെണ്ണ ഒഴിക്കാം, ചൂടാകുമ്പോൾ ഇത്തിരി ഉലുവ ഇട്ട് കൊടുക്കണം. ശേഷം ചെറിയുള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും പച്ചമുളകും കറിവേപ്പിലയും ഇത്തിരി പെരുംജീരകവും ചേർത്ത് നന്നായി വഴറ്റാം. അതിലേക്ക് മസാലക്കൂട്ടിൽ പൊതിഞ്ഞ മത്തി ചേർക്കാം.
അതിനുമുകളിലേക്ക് കാൽകപ്പ് പിഴുപുളി പിഴിഞ്ഞ വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുക്കർ അടയ്ക്കാം. ഒരു വിസിൽ വന്നു കഴിഞ്ഞാൽ തീ അണയ്ക്കാം. മസാലയിൽ വെന്തു പാകമായ മത്തിയ്ക്ക് കിടിലൻ രുചിയാണ്. ചോറിനും കപ്പയ്ക്കുമൊക്കെ കൂട്ടാം. ഇനി മത്തി ഇങ്ങനെ വച്ച് നോക്കൂ.
















