നിവിൻ പോളി– അജു വർഗീസ് കൂട്ടുകെട്ടിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘സർവം മായ’യുടെ ഒടിടി തീയതി പുറത്ത്. ഹോട്സ്റ്റാറിലൂടെ ജനുവരി 30ന് സ്ട്രീമിങ്ങ് ആരംഭിക്കും. ഡെലുലു ആയി എത്തിയ റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ സ്ട്രീമിങ്ങ് തീയതി അനൗൺസ് ചെയ്തത്.
അജു വർഗീസിന്റെ വോയ്സ് ഓവറിൽ ഉള്ള തന്ത വൈബ് സ്ക്രിപ്റ്റ് കൊള്ളില്ലെന്ന് പറഞ്ഞ് ജെൻസി വൈബിലുള്ള വിഡിയോയാണ് റിയ പങ്കുവയ്ക്കുന്നത്.‘ലോകം എമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക്, നിങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സർവം മായ നിങ്ങളുടെ സ്വീകരണമുറികളിലേക്ക് എത്തുന്നു’ എന്ന അജുവിന്റെ വോയ്സ് ഓവർ സ്ക്രിപ്റ്റിനെ തന്ത വൈബാണ് എന്ന് പറഞ്ഞ് തള്ളുകയാണ് റിയ ഷിബു. ‘ഇങ്ങനെ പറഞ്ഞാൽ പിള്ളേര്‍ക്ക്’ മനസിലാകില്ലെന്ന് റിയ പറയുന്നു. ‘ഡെലുലു ഇസ് ന്യൂ തുലുലു’ എന്ന് പറഞ്ഞ് അടിമുടി ജെൻസി വൈബ് ഭാഷയുമായാണ് ഡെലുലുവിന്റെ സർവം മായ പ്രോമോ ഇറങ്ങിയിരിക്കുന്നത്.
ജനുവരി മുപ്പതിന് ഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും. ആഗോള കളക്ഷനിൽ 131 കോടി കടന്നിരിക്കുകയാണ് സർവം മായ. നിവിൻ അജു കോമ്പോ പ്രതീക്ഷിച്ചെത്തിയവർക്ക് ആ കോമ്പോയ്ക്ക് ഒപ്പം നിവിൻ–റിയ ഷിബു കോമ്പോ നൽകി ഞെട്ടിച്ച ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ഡെലുലുവായി എത്തിയ റിയ ഷിബുവിന്റെ പെർഫോമൻസിന് മികച്ച അഭിപ്രായമായിരുന്നു.
















