പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കിയ കേസിൽ ക്ഷേത്ര പൂജാരിയായ യുവാവ് പിടിയിൽ. ചിതറ കുറക്കോട് സ്വദേശിയായ അഭിനെയാണ് (22) ചിതറ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടിയെ ഇയാൾ ക്രൂരമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ പ്രതിയായ അഭിനുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം മുതലെടുത്താണ് പ്രതി പീഡനം ആരംഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ ആദ്യം പീഡനത്തിനിരയാക്കി.
പിന്നീട് ഇത് പലതവണ ആവർത്തിച്ചു. പീഡനത്തെ പെൺകുട്ടി എതിർക്കാൻ തുടങ്ങിയപ്പോൾ, ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങൾ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡനം തുടർന്നത്.
നിരന്തരമായ പീഡനവും ഭീഷണിയും പെൺകുട്ടിയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ചും കൈയ്യിലെ ഞരമ്പ് മുറിച്ചും പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു.
കൃത്യസമയത്ത് മാതാപിതാക്കൾ കണ്ടതിനാൽ മാത്രമാണ് പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നടത്തിയ കൗൺസിലിംഗിലാണ് താൻ അനുഭവിച്ച ക്രൂരതകൾ പെൺകുട്ടി വെളിപ്പെടുത്തിയത്.
പ്രതിക്കെതിരെ പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
















