വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ സാമ്പത്തിക ഭാവിക്കും ഇന്ത്യയുടെ സമുദ്രതന്ത്രങ്ങൾക്കും ഒരു നാഴികക്കല്ലായി വർത്തിക്കുമെന്ന് അദാനി പോർട്ട്സ് എംഡി കരൺ അദാനി. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അചഞ്ചലമായ പിന്തുണയാണ് വിഴിഞ്ഞം പദ്ധതിയുടെ വേഗത്തിലുള്ള പൂർത്തീകരണത്തിന് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു കരൺ അദാനി.
നൂറ്റാണ്ടുകളായി കേരളത്തിന്റെ തീരം ആഗോള വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നുവെന്നും ആ പാരമ്പര്യം വിഴിഞ്ഞത്തിലൂടെ പുനരുജ്ജീവിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പൂർത്തിയാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ശക്തമായ പിന്തുണക്ക് താൻ ഹൃദയത്തിൽ തൊട്ടുള്ള നന്ദി അറിയിക്കുകയാണെന്നും കരൺ അദാനി പറഞ്ഞു.
എഞ്ചിനീയറിംഗ് മികവിലൂടെ മാത്രമല്ല, രാഷ്ട്രീയപരമായ വ്യക്തത, ഭരണപരമായ അച്ചടക്കം, ദീർഘകാല പ്രതിബദ്ധത എന്നിവയിലൂടെയാണ് വലിയ, പരിവർത്തനാത്മകമായ അടിസ്ഥാന സൗകര്യ പദ്ധതികൾ വിജയിക്കുന്നത്. അതാണ് ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ നേതൃപാടവത്തിലൂടെ ലഭ്യമായത്. മുഖ്യമന്ത്രിയുടെ തുടർച്ചയായ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ പദ്ധതി പൂർത്തിയാക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ലെന്ന് തന്നെ ഞാൻ സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ പ്രവർത്തനം ആരംഭിച്ച് വെറും 15 മാസത്തിനുള്ളിൽ 10 ലക്ഷം ടിഇയു (TEUs) കൈകാര്യം ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം മാറിയതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ രണ്ടാം ഘട്ട വികസനത്തിനായി 16,000 കോടി രൂപ കൂടി നിക്ഷേപിക്കുമെന്നും കരൺ അദാനി പ്രഖ്യാപിച്ചു. ഇതോടെ വിഴിഞ്ഞത്തെ മൊത്തം നിക്ഷേപം 30,000 കോടി രൂപയാകും. ഇത് കേരളത്തിലെ ഒരു സ്വകാര്യ സംരംഭത്തിൽ നിന്നുള്ള ഏറ്റവും വലിയ നിക്ഷേപമാണ്. 2029 ഓടെ തുറമുഖത്തിന്റെ ശേഷി 5.7 ദശലക്ഷം ടിഇയു ആയി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായും ഇന്ത്യയിലെ ഏറ്റവും സാങ്കേതികമായി മുന്നിട്ടുനിൽക്കുന്ന തുറമുഖമായും മാറുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഭാവിയിലെ ഇന്ത്യൻ തുറമുഖങ്ങൾ എങ്ങനെയായിരിക്കണം എന്നതിന്റെ മാതൃകയായി വിഴിഞ്ഞം മാറുമെന്നും കരൺ അദാനി പറഞ്ഞു.
















