പ്രമുഖ ബോളിവുഡ് ഗായകൻ അരിജിത് സിങ് പിന്നണി ഗാനരംഗത്ത് നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത് ആരാധകർക്ക് ഏറെ വിഷമം ഉണ്ടാക്കിയ വാർത്തയായിരുന്നു. ജനുവരി 27 നാണ് അദ്ദേഹം ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അദ്ദേഹം സിനിമാ സംഗീതരംഗം വിട്ടത് മറ്റൊരു കാരണംകൊണ്ടാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അരിജിത് സ്വന്തം രാഷ്ട്രീയപാർട്ടിയുണ്ടാക്കാനും ഭാവിയിൽ തെരഞ്ഞെടുപ്പുകളിൽ പങ്കെടുക്കാനും പദ്ധിതിയിടുന്നുണ്ടെന്നാണ് എൻഡിടിവി റിപ്പോർട്ട്. എന്നാൽ അതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനടിയുണ്ടാവില്ലെന്നും 2026 ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇത് നടക്കാൻ സാധ്യതയില്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
രാഷ്ട്രീയ രംഗത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ ഇതിനകം അദ്ദേഹം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് വിവരം. താഴെത്തട്ടിൽ മത്സരിച്ചായിരിക്കും തുടക്കമെന്നാണ് ബംഗാളി സിനിമാ മേഖലയിലെ വൃത്തങ്ങൾ നൽകുന്ന സൂചന. അതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ടീം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. രാഷ്ട്രീയ രംഗത്തേക്ക് തന്റെ കരിയർ മാറ്റുന്നതിനുള്ള പ്രക്രിയ അദ്ദേഹം ഇതിനകം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോട് അടുത്ത ആളുകൾ അവകാശപ്പെടുന്നു.
സിനിമാ രംഗത്തുനിന്നുണ്ടായ ചില ദുരനുഭവങ്ങളും തെറ്റായ പ്രവണതകളുമാണ് അരിജിത്തിന്റെ പിന്നണി ഗാനരംഗത്തുനിന്നുള്ള പിൻവാങ്ങലിന് കാരണമെന്നും പറയപ്പെടുന്നു. മുമ്പ് പല അഭിമുഖങ്ങളിലും അരിജിത് നടത്തിയ പ്രസ്താവനങ്ങൾ ഇതുമായി ചേർത്തുവെക്കപ്പെടുന്നുണ്ട്.
















