ഉത്സവപ്പറമ്പിലെ തർക്കം പരിഹരിക്കാനെത്തിയ പോലീസ് സബ് ഇൻസ്പെക്ടറെ മർദ്ദിച്ച കേസിൽ പോലീസുകാരൻ അടക്കം മൂന്ന് യുവാക്കളെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളല്ലൂർ മൊട്ടലിൽ പനയറ വീട്ടിൽ ആരോമൽ (27), ഇയാളുടെ സഹോദരനും പള്ളിക്കൽ സ്റ്റേഷനിലെ പോലീസുകാരനുമായ ചന്തു (32), ആദിത്യൻ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും അറസ്റ്റിലായ ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ട് പരിപാടിക്കിടെയുണ്ടായ സംഘർഷമാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം ഇടപെട്ട് അടിപിടി തടഞ്ഞത് പ്രതികളിൽ വൈരാഗ്യം ഉണ്ടാക്കിയിരുന്നു. സമാധാനപരമായി നടക്കേണ്ട ഉത്സവത്തിന് തടസ്സം നിൽക്കുന്നു എന്നാരോപിച്ച് ഇവർ പോലീസുമായി വാക്കുതർക്കത്തിലേർപ്പെടുകയും പിന്നീട് എസ്.ഐയെ നേരിട്ട് ആക്രമിക്കുകയുമായിരുന്നു.
















