അഭിഷൻ ജീവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘വിത്ത് ലവ്’. ‘ടൂറിസ്റ്റ് ഫാമിലി’ സിനിമയുടെ സംവിധായകൻ അഭിഷൻ ജീവിന്താണ് നായകൻ. മദൻ ആണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 6ന് ചിത്രം റിലീസ് ചെയ്യും. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ താരം പറഞ്ഞ രസകരമായ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
സിനിമാ വികടൻ എന്ന യൂട്യൂബ് ചാനലിലെ പ്രൊമോഷൻ പരിപാടിയിലാണ് അനശ്വരയും അബിഷനും ഉൾപ്പെടെയുള്ളവർ വിശേഷങ്ങൾ പങ്കുവെച്ചത്. ചിത്രത്തിന്റെ സെറ്റിലുള്ള മറ്റുള്ളവരുമായി വൈബ് സെറ്റാകാൻ താൻ മണ്ടിയെ പോലെ അഭിനയിച്ചിരുന്നു എന്നാണ് അനശ്വര പറഞ്ഞത്.മൂന്നുദിവസത്തെ വർക്ക്‌ഷോപ്പ് നടത്തിയപ്പോൾ തനിക്കും മദനും അനശ്വരയ്ക്കും വൈബ് സെറ്റായി എന്ന് അബിഷൻ പറഞ്ഞു. എന്നാൽ ആ സമയത്ത് വൈബ് സെറ്റായില്ല എന്ന് ഇടപെട്ടുകൊണ്ട് അനശ്വര പറഞ്ഞു. വലിയ നടനാണ്, സൂപ്പർസ്റ്റാർ മൂഡിലായിരിക്കും, ഇവരോട് സംസാരിക്കണോ എന്നെല്ലാമാണ് താൻ ചിന്തിച്ചതെന്നും അനശ്വര പറഞ്ഞു.
അനശ്വരയോട് സംസാരിക്കാൻ തനിക്കും പേടിയായിരുന്നുവെന്ന് അബിഷൻ പറയുന്നു. ഇംപ്രൊവൈസേഷനെ കുറിച്ചോ മറ്റോ എന്തെങ്കിലും സംസാരിച്ചാൽ, ‘ഇവൻ ഏതാണീ കോമാളി’ എന്ന് അനശ്വര വിചാരിക്കുമോ എന്നായിരുന്നു പേടി. അനശ്വരയെ കുറിച്ച് ഹീറോയിൻ ഇമേജാണ് തന്റെ മനസിലുണ്ടായിരുന്നത്. എന്നാൽ അനശ്വര ചെയ്ത ഒരു കാര്യം ആ ഇമേജിനെ പൂർണമായി തകർത്തുവെന്നും അബിഷൻ പറഞ്ഞു.
പിന്നാലെയാണ് താൻ സെറ്റിൽ മണ്ടിയായി അഭിനയിച്ചുവെന്ന് പറഞ്ഞത്. അബിഷനുമായി വൈബ് കിട്ടാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ താൻ ഇവരുടെ ലെവലിലേക്ക് വന്നുവെന്നും തമാശയായി അനശ്വര പറഞ്ഞു. വലിയൊരു മണ്ടത്തരമാണ് അനശ്വര അതിനായി ചെയ്തതെന്ന് അപ്പോൾ അബിഷൻ പറഞ്ഞു. അത് ക്യാമറ ഓഫാക്കിയശേഷം പറയാമെന്നും അബിഷൻ പൊട്ടിച്ചിരിയോടെ പറഞ്ഞു.
















