തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായുള്ള ആവശ്യമായ എയിംസും അതിവേഗ റെയിലും ഇക്കുറിയും തഴയപ്പെട്ടതിൽ നിരാശ വ്യക്തമാക്കി സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ്. കേരളത്തോട് കടുത്ത വിവേചനമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതിവേഗ റെയിൽ പദ്ധതിയ്ക്കുള്ള ഒരു പ്രൊപ്പോസൽ സംസ്ഥാനസർക്കാർ തന്നെ മുൻകൈയെടുത്ത് കേന്ദ്രത്തിന് നൽകിയിരുന്നെന്നും അതിന് അംഗീകാരം നൽകാതിരിക്കുകയും കേന്ദ്രം പുതിയൊരു പദ്ധതി പ്രഖ്യാപിക്കുമ്പോൾ അതിൽ കേരളത്തെ ഉൾപ്പെടുത്താതെയിരിക്കുന്ന്ത് കടുത്ത വിവേചനമാണെന്ന് പി. രാജീവ് പറഞ്ഞു.
എയിംസിനുവേണ്ടി സ്ഥലത്തിന്റെ പട്ടിക നൽകാൻ കേന്ദ്രം നിർദേശിച്ചിരുന്നു. അതനുസരിച്ച് മൂന്ന് സ്ഥലങ്ങൾ സംസ്ഥാനം മുന്നോട്ടുവെച്ചു. തുടർന്ന് ഒരു സ്ഥലം നിശ്ചയിച്ച് പറയണമെന്ന് കേന്ദ്രം അറിയിച്ചു. അതുനൽകിയപ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തണമെന്ന് പറഞ്ഞു. വ്യവസായവകുപ്പിന്റെ കീഴിലുള്ള കിനാലൂർ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങൾക്ക് എയിംസ് അനുവദിക്കുമ്പോൾ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നില്ല.
നികുതിവിഹിതത്തിൽ അർഹമായ പങ്കാളിത്തം നൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. അതും അംഗീകരിക്കപ്പട്ടിട്ടില്ല. ധാതു ഇടനാഴി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ കൈവശമുള്ള ധാതുക്കൾ അപ്പുറത്തേക്ക് കൊണ്ടുപോകാനുള്ളതാണോ ഈ ഇടനാഴി എന്നറിയില്ല. സംസ്ഥാനത്തിന്റെ അധികാരം ദുർബലപ്പെടുത്തിക്കൊണ്ട് ധാതുക്കളുടെ ലേലമുൾപ്പെടെ കേന്ദ്രത്തിന് നേരിട്ട് ചെയ്യാനുള്ള അവകാശം നൽകുന്ന ചില ഭേദഗതികൾ മുന്നോട്ടുവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ധാതുക്കൾ എടുക്കുകയാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്, മന്ത്രി കൂട്ടിച്ചേർത്തു.
















