ശബരിമല സ്വർണ്ണകൊള്ള കേസിലെ എസ്‌ഐടി (SIT) അന്വേഷണത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾ തികച്ചും അസംബന്ധമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും ഈ വിഷയത്തിൽ സ്വീകരിക്കുന്നത് തികഞ്ഞ അവസരവാദ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ പഴിചാരുന്ന രീതി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി കൊണ്ട് സോണിയാ ഗാന്ധിയെ ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനും സന്ദർശിച്ചതിനെ എം.വി. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ഇവർ എന്തിനാണ് സോണിയാ ഗാന്ധിയെ കണ്ടതെന്നും, ഈ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം ആരാണെന്നും അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് നേതൃത്വത്തിന് ഇതിൽ വ്യക്തമായ പങ്കുണ്ടെന്നും ഇതിലെ ദുരൂഹതകൾ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















