അവധിക്കാല ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അനാവശ്യമായി കേസുകൾ ലിസ്റ്റ് ചെയ്യിച്ച നടപടിയിൽ ഹൈക്കോടതിയുടെ കർശന ഇടപെടൽ. ഹർജിക്കാരനായ എം.ആർ. അജയൻ ഓരോ കേസിനും 10,000 രൂപ വീതം ആകെ 40,000 രൂപ പിഴയൊടുക്കണമെന്ന മുൻ ഉത്തരവ് റദ്ദാക്കാൻ കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ എ. ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജിക്കാരന്റെ പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ട് ഈ നിർദ്ദേശം നൽകിയത്.
കോടതിയുടെ വിലപ്പെട്ട സമയം ദുരുപയോഗം ചെയ്തതിനാണ് ഈ തുക പിഴയായി ചുമത്തിയത്. വിധിച്ച 40,000 രൂപ കേരള ലീഗൽ സർവീസ് അതോറിറ്റിയിൽ അടയ്ക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇത്തരം പ്രവണതകൾ വരുംകാലങ്ങളിൽ ആവർത്തിച്ചാൽ പിഴ പതിനായിരം രൂപയിൽ ഒതുങ്ങില്ലെന്നും, ഇതിലും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും കോടതി ഹർജിക്കാരന് ശക്തമായ മുന്നറിയിപ്പ് നൽകി.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ, ശബരിമല സ്വർണ്ണ മോഷണക്കേസിലെ സിബിഐ അന്വേഷണം തുടങ്ങി അതീവ പ്രാധാന്യമുള്ള നാല് കേസുകളാണ് കഴിഞ്ഞ ഡിസംബർ 23-ന് അവധിക്കാല ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യിച്ചത്. എന്നാൽ, ഈ കേസുകൾ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്നിരിക്കെ കോടതിയെ സമീപിച്ച ഹർജിക്കാരന്റെ നടപടി ദുരുദ്ദേശ്യപരമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
നേരത്തെ വിധിച്ച പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയെ വീണ്ടും സമീപിച്ചത്. എന്നാൽ ഈ നടപടി കോടതി നടപടികളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. പുനഃപരിശോധനയ്ക്ക് മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് വ്യക്തമാക്കിയ കോടതി, റിവ്യൂ പെറ്റീഷൻ പൂർണ്ണമായും തള്ളുകയായിരുന്നു.
















